മൂക്കിനെ ഒഴിവാക്കിയുള്ള മാസ്ക് ധരിക്കൽ വേണ്ട; വേഗത്തിലുള്ള വൈറസ് വ്യാപനം മൂക്കിലൂടെയെന്ന് പഠനം
കൊറോണ വൈറസ് ഭീതി തുടരുകയാണ്. നമ്മുടെ ജീവിതരീതിയിൽ മാറ്റം വരുത്തുക എന്നതുമാത്രമാണ് അതിജീവനത്തിന്റെ മാർഗം. അതുകൊണ്ടു തന്നെ സാമൂഹിക അകലം പാലിക്കുന്നതും കഴിവതും വീട്ടിൽ തന്നെ കഴിയുന്നതുമെല്ലാം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഏറ്റവും പ്രധാനമായി മാസ്‌ക് ധരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വായയിലൂടെ മാത്രം രോഗം പകരുന്നു എന്ന ധാരണയിൽ മൂക്ക് പുറത്തു നിൽക്കുന്ന രീതിയിലാണ് പലരും മാസ്‌ക് ധരിക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണെന്ന് ജേണൽ സെൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
ഈ പഠനത്തിൽ മൂക്കിലൂടെയുള്ള രോഗവ്യാപനത്തിനാണ് സാധ്യത കൂടുതൽ എന്ന് ചൂണ്ടികാണിക്കുന്നു. അതുകൊണ്ടു തന്നെ മൂക്കിനെ ഒഴിവാക്കിയുള്ള മാസ്ക് ധരിക്കൽ അപകടത്തിലേക്ക് സ്വയം നീങ്ങുന്നതിനു തുല്യമാണ്. തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് അണുക്കൾ പെട്ടെന്നെത്താൻ സാധ്യത മൂക്കിലൂടെയാണ്.
അതുകൊണ്ട് ശ്വാസമെടുക്കാനും, മറ്റുള്ളവരോട് സംസാരിക്കാനുമൊക്കെ പൊതുസ്ഥലങ്ങളിൽ നിൽകുമ്പോൾ മാസ്‌ക് താഴ്ത്തുന്ന ശീലം ഒഴിവാക്കുക. മാസ്ക് എങ്ങനെയെങ്കിലും പേരിന് ധരിക്കുക എന്ന ചിന്താഗതിക്കാരാണ് പലരും. ഇത് അങ്ങനെയുള്ളവരെയും ചുറ്റുമുള്ളവരെയും അപകടത്തിലാക്കും.
Story highlights- wear mask properly