മമ്മൂക്കയുടെ പിറന്നാളിന് ഇരട്ടി മധുരം; ‘വൺ’ ടീസർ പങ്കുവെച്ച് അണിയറപ്രവർത്തകർ

September 7, 2020

മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇതിനുപുറമെ സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍. 

Story Highlights:One Malayalam Movie Official Teaser