‘അന്ധാദുൻ’ തെലുങ്കിലേക്ക്; നായികമാരായി നബാ നടേഷും തമന്നയും

ദേശീയ പുരസ്കാരം സ്വന്തമാക്കിയ അന്ധാദുൻ എന്ന ബോളിവുഡ് ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. നിതിൻ നായകനാകുന്ന ചിത്രത്തിൽ നബാ നടേഷ്, തമന്ന എന്നിവരാണ് രാധിക ആപ്തെ, തബു എന്നിവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നത്.
മെർലാപക ഗാന്ധിയാണ് തെലുങ്കിൽ ചിത്രം ഒരുക്കുന്നത്. അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ വളരെയധികം ബുദ്ധിമുട്ടിയതായി മെർലാപക ഗാന്ധി പറയുന്നു . രാധിക ആപ്തെയും തബുവും മികച്ച അഭിനേതാക്കളാണ് അതിനാൽ അന്ധാദുനിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിയുന്ന ആരെയെങ്കിലും തിരഞ്ഞെടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. വളരെയധികം ആലോചിച്ച ശേഷം, നബയെയും തമന്നയെയും റോളിലേക്ക് പരിഗണിച്ചു. അവർ രണ്ടുപേരും കഴിവുള്ള അഭിനേതാക്കളാണ്, ഈ സിനിമയ്ക്ക് തുടക്കമിടാൻ എനിക്ക് കാത്തിരിക്കാനാവില്ല,’മെർലാപക ഗാന്ധി പറയുന്നു.
തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ നിർമ്മാതാക്കൾ കുറച്ച് മാറ്റങ്ങൾ ചിത്രത്തിൽ വരുത്തുമെങ്കിലും, കഴിയുന്നത്രയും അന്ധാദുനുമായി അടുത്തുനിൽക്കണമെന്നാണ് മെർലാപക ഗാന്ധി ആഗ്രഹിക്കുന്നത്. ‘ഒറിജിനലിനെ വളരെയധികം മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ഒരു ദേശീയ അവാർഡ് നേടിയ സിനിമയാണ്, അത് അർഹിക്കുന്ന ബഹുമാനത്തോടെ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, തിരക്കഥയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുന്നുണ്ട്. കാരണം അത് തെലുങ്ക് പ്രേക്ഷകരുമായി സംവദിക്കണെമെങ്കിൽ മാറ്റം അനിവാര്യമാണ്’.- മെർലാപക ഗാന്ധി പറയുന്നു. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്. ബോളിവുഡിൽ ആയുഷ്മാൻ ഖുറാനയായിരുന്നു മുഖ്യവേഷത്തിൽ എത്തിയത്.
Story highlights- Andhadhun telugu remake