ചെന്നൈയിൽ നിന്നും ചിറാപുഞ്ചിയിലേക്ക് ആൻഡ്രിയ ഒറ്റക്ക് നടത്തിയ ജീപ്പ് യാത്ര
തെന്നിന്ത്യയിലെ ഹിറ്റ് നായികമാരിൽ ശ്രദ്ധേയയാണ് ആൻഡ്രിയ. അഭിനയവും പാട്ടും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം, നിരവധി ഭാഷകളിലും വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ ‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ ശ്രദ്ധ നേടുന്നത്. വൈവിധ്യമാർന്ന വേഷങ്ങളോട് എന്നും ആവേശമുള്ള അന്ത്യ ഇപ്പോൾ തന്റെ പുതിയ ചിത്രമായ നോ എൻട്രിയ്ക്കായി തയാറെടുക്കുകയാണ്. ത്രില്ലർ ചിത്രമായ നോ എൻട്രിയുടെ ചിത്രീകരണം നടക്കുന്നത് ചിറാപുഞ്ചിയിലാണ്. ചിത്രീകരണത്തിനായി ചെന്നൈയിൽ നിന്നും ചിറാപുഞ്ചിയിലേക്ക് ആൻഡ്രിയ നടത്തിയ യാത്രയാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ആൻഡ്രിയയുടെ യാത്ര ചിത്രത്തിന്റെ സംവിധായകനിലൂടെയാണ് ആരാധകർ അറിയുന്നത്. 45 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങിനായി ചെന്നൈയിൽ നിന്നും നൂറിലധികം ആളുകളുടെ സംഘമാണ് ചിറാപുഞ്ചിയിൽ എത്തിയത്. തന്റെ പ്രിയപ്പെട്ട സൈക്കിൾ ഒരു ജീപ്പിൽ കെട്ടിവെച്ച് ചെന്നൈയിൽ നിന്നും തനിച്ചാണ് ആൻഡ്രിയ ചിറാപുഞ്ചിയിലേക്ക് എത്തിയത്. ആൻഡ്രിയയുടെ ഈ വരവ് നോ എൻട്രി എന്ന സിനിമയുടെ പാട്ടുരംഗങ്ങളിൽ അണിയറപ്രവർത്തകർ ഉപയോഗിക്കുകയും ചെയ്തു. അതിസാഹസികമായ യാത്ര നടത്തിയതുമാത്രമല്ല, സിനിമയ്ക്കായി അമ്പെയ്ത്ത് പരിശീലിക്കുകയും ചെയ്തു ആൻഡ്രിയ.
അതേസമയം, ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചിലവഴിക്കുന്ന തിരക്കിലാണ് ആൻഡ്രിയ. നടി ഐശ്വര്യ രാജേഷിനൊപ്പം ഓറഞ്ച് കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആൻഡ്രിയ പങ്കുവെച്ചിരുന്നു. വാടിവാസൽ എന്ന ചിത്രമാണ് ആൻഡ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Story highlights- andreah’s road trip from Chennai to chirapunji