ഇന്ന് പിറന്നാള്‍; മലയാളികളുടെ പ്രിയതാരത്തിന് കുട്ടിക്കാല ചിത്രം കൊണ്ടൊരു ആശംസ

September 9, 2020
Biju Menon Childhood Photo

അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന മലയാളികളുടെ പ്രിയതാരമാണ് ബിജു മേനോന്‍. ഹാസ്യവും വീരവും സെന്റിമെന്റ്‌സും പ്രണയവുമെല്ലാം അഭിനയത്തില്‍ പ്രതിഫലിപ്പിച്ച് ബിജുമേനോന്‍ പ്രേക്ഷക പ്രീതി നേടുന്നു. ബിജു മേനോന്റെ പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകള്‍ അറിയിച്ച് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ലളിതം സുന്ദരത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച ഒരു ഫോട്ടോ ശ്രദ്ധ നേടുന്നു.

ബിജു മേനോന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. 1995-ല്‍ പുത്രന്‍ എന്ന സിനിമയില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സിലേക്ക് എത്തിയതാണ് ബിജു മേനോന്‍. അവതരിപ്പിക്കുന്ന ഒരോ കഥാപാത്രങ്ങളേയും അദ്ദേഹം പരിപൂര്‍ണ്ണതയിലെത്തിച്ചു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, ആഗതന്‍, മുല്ല, ഡാഡി കൂള്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, സ്‌നേഹവീട്, ഓര്‍ഡിനറി, മല്ലുസിംഗ്, റോമന്‍സ്, അനാര്‍ക്കലി, ആദ്യരാത്രി, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികവാര്‍ന്ന പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചത്.

അതേസമയം മധു വാര്യരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. ബിജുമേനോനൊപ്പം മഞ്ജു വാര്യരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2020 ഫെബ്രുവരിയില്‍ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Story highlights: Biju Menon Childhood Photo

Biju Menon

Posted by Hains on Tuesday, 8 September 2020