എസ് പി ബാലസുബ്രമണ്യത്തെ ആശുപത്രിയിൽ സന്ദർശിച്ച് കമൽ ഹാസൻ; തനിക്കായി പാടിയ ഗാനങ്ങൾക്ക് നന്ദിയറിയിച്ച് സൽമാൻ ഖാൻ- പ്രാർത്ഥനയോടെ സിനിമാ ലോകം
ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരിക്കുകയാണ് കമൽ ഹാസൻ. എസ് പി ബിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും താരം പങ്കുവെച്ചു. പൂർണമായും ആരോഗ്യവാനെന്ന് പറയാൻ സാധിക്കില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും കമൽ ഹാസൻ അറിയിച്ചു. കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
എം ജി എം ഹെൽത്ത് കെയറിലാണ് എസ് പി ബാലസുബ്രമണ്യത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചുമുതൽ അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. കൊവിഡ് ബാധിതനായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രയിൽ തുടരുകയായിരുന്നു.
അതേസമയം, തന്റെ ശബ്ദമായതിന് എസ് പി ബിയ്ക്ക് നന്ദി അറിയിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു സൽമാൻ ഖാൻ ആശംസിച്ചു. തനിക്കുവേണ്ടി പാടിയ ഓരോ ഗാനത്തിനും സൽമാൻ ഖാൻ നന്ദിയും പറയുന്നു. ‘ബാല സുബ്രഹ്മണ്യം സർ. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ എനിക്കായി പാടിയ ഓരോ ഗാനത്തിനും നന്ദി’- സൽമാൻ ഖാൻ കുറിക്കുന്നു.
തൊണ്ണൂറുകളിൽ സൽമാൻ ഖാന്റെ സ്ഥിരം ശബ്ദമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. ‘മേംനെ പ്യാർ കിയാ’ എന്ന ഹിറ്റ് ഗാനത്തിന് ശേഷം കുറെ വർഷങ്ങൾ സൽമാൻ ഖാന് വേണ്ടി എല്ലാ പാട്ടുകളും പാടിയിരുന്നത് എസ് പി ബാലസുബ്രഹ്മണ്യമായിരുന്നു.
Read More: രോഗപ്രതിരോധം മുതൽ തിളക്കമുള്ള ചർമ്മം വരെ; വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങൾ
എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില അങ്ങേയറ്റം ഗുരുതരമെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ആരാധകരും താരങ്ങളും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കണമെന്ന പ്രാർത്ഥനയുമായി സജീവമാണ്.
Story highlights- cinema industry prays for S P Balasubrahmanyam’s health condition