ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി വിക്രം സംവിധായകൻ ലോകേഷ് കനകരാജ്; ആദ്യ ചിത്രം സൽമാൻ ഖാനോടൊപ്പം

July 20, 2022

ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ച വിജയമാണ് കമൽ ഹാസന്റെ വിക്രം നേടിയത്. വിക്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ വമ്പൻ വിജയമാണ് നേടിയത്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച വിക്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകൻ ലോകേഷ് കനകരാജിനുള്ളതാണ്. കൈതി, മാസ്റ്റർ അടക്കമുള്ള ചിത്രങ്ങളിൽ തുടങ്ങി വെച്ച വിജയത്തേരോട്ടം അദ്ദേഹം വിക്രത്തിലും തുടരുകയായിരുന്നു.

ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലോകേഷ് എന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. സൂപ്പർ താരം സൽമാൻ ഖാനോടൊപ്പമാണ് ലോകേഷിന്റെ ബോളിവുഡ് പ്രവേശനം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൽമാൻ ഖാൻ നായകനായെത്തുന്ന ചിത്രം ഒരു തെലുങ്ക് നിർമ്മാണ കമ്പനിയാണ് ഒരുക്കുന്നതെന്നാണ് സൂചന.

ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. മറ്റ് ചില സിനിമകളുടെ തിരക്കിലാണ് ലോകേഷെന്നും അതിന് ശേഷമായിരിക്കും സൽമാൻ ഖാനോടൊപ്പമുള്ള പുതിയ ചിത്രം ആരംഭിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് നായകനാവുന്ന പേരിടാത്ത ചിത്രം ലോകേഷാണ് സംവിധാനം ചെയ്യുന്നത്.

Read More: വിക്രത്തിന്റെ മഹാവിജയത്തിന് കമൽ ഹാസന് വമ്പൻ വിരുന്നൊരുക്കി ചിരഞ്ജീവി; പ്രത്യേക അതിഥിയായി സൽമാൻ ഖാനും

നേരത്തെ ചിരഞ്ജീവിയുടെ വസതിയിൽ വെച്ച് ലോകേഷും സൽമാനും തമ്മിൽ കണ്ടിരുന്നു. വിക്രത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. വിക്രം നേടിയ വലിയ വിജയത്തിന് കമൽ ഹാസനെ അഭിനന്ദിച്ച് ചിരഞ്ജീവി രംഗത്ത് വന്നിരുന്നു. തന്റെ ഉറ്റ സുഹൃത്ത് കൂടിയായ കമൽ ഹാസന് സ്വന്തം വീട്ടിൽ അത്താഴ വിരുന്നൊരുക്കിയാണ് ചിരഞ്ജീവി അഭിനന്ദനം അറിയിച്ചത്. ഈ വിരുന്നിലാണ് കമൽ ഹാസനൊപ്പം ലോകേഷും സൽമാൻ ഖാനും പങ്കെടുത്തത്.

Story Highlights: Lokesh kanakaraj bollywood debut with salman khan