‘അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്’- മകൾക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി

September 8, 2020

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. അടുത്തിടെയാണ് ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമകളുടെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൾക്കൊപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി.

നൃത്തവേഷത്തിൽ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം മുൻപ് ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു. നൃത്തവേദിയിലെ തിരക്കിനിടയിലും മകളോട് കുശലം പറയുന്ന ചിത്രങ്ങളാണ് ഇത്തവണയും ദിവ്യ പങ്കുവയ്ക്കുന്നത്. അമ്മയുടെ മേക്കപ്പ് അണിഞ്ഞുള്ള മുഖമൊന്നും മകൾക്ക് പ്രശ്നമേയല്ല. വളരെ സന്തോഷത്തോടെ അമ്മക്കൊപ്പം പൊട്ടിച്ചിരിക്കുകയാണ് കുഞ്ഞും.

‘ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്. ജീവിതത്തിലെ ഓരോ ദിവസവും കുട്ടികളുടെ മെമ്മറി ബാങ്കിൽ നമ്മൾ നിക്ഷേപം നടത്തുകയാണെന്ന് പറയുന്നത് വളരെ ശരിയാണ്’ ദിവ്യ ഉണ്ണി കുറിക്കുന്നു.

https://www.instagram.com/p/CE3_uY4pl23/?utm_source=ig_web_copy_link

ജനുവരി 14നായിരുന്നു ദിവ്യ ഉണ്ണിക്ക് കുഞ്ഞു പിറന്നത്. മകളുടെ വിശേഷങ്ങൾ ദിവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- divya unni about daughter