‘ആരാധകരുടെ ആവേശമാണ് എന്റെ നിലനിൽപ്പെന്ന് മനസിലാക്കുന്ന ആളാണ് ഞാൻ’- ശ്രദ്ധ നേടി ജഗതി ശ്രീകുമാറിന്റെ പഴയകാല അഭിമുഖം
മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാർ ജീവിതത്തെ വളരെയധികം ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിലും പൊതുവേദികളിൽ സംസാരിക്കുമ്പോഴും ഓരോ കാര്യത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങൾ ജഗതി പങ്കുവയ്ക്കുമായിരുന്നു. അപകടത്തെത്തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇപ്പോഴിതാ, ജഗതി ശ്രീകുമാറുമായി എ വി എം ഉണ്ണി നടത്തിയ പഴയ അഭിമുഖം ശ്രദ്ധ നേടുകയാണ്.
1992ൽ ഖത്തറിൽ സ്റ്റേജ് പരിപാടിക്കായി എത്തിയപ്പോൾ ജഗതി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകരുടെ ആവേശമാണ് എന്നും പിന്തുണയെന്നും സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ച് ആരാധകരുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ നടത്തികൊടുക്കാറുണ്ടെന്നും ജഗതി ശ്രീകുമാർ അഭിമുഖത്തിൽ പറയുന്നു.
സിനിമയിൽ മാറ്റം കൊണ്ടുവന്ന സംവിധായകരെക്കുറിച്ചും ജഗതി പങ്കുവയ്ക്കുന്നു. പി എൻ മേനോൻ, പത്മരാജൻ, പ്രിയ ദർശൻ, സത്യൻ അന്തിക്കാട് എന്നിവരെയാണ് മാറ്റത്തിന് വഴിതെളിച്ചവരെന്ന് ജഗതി വിശേഷിപ്പിച്ചത്. പുതുതലമുറയിലെ അഭിനേതാക്കളോട് ജഗതിക്ക് പറയാനുണ്ടായിരുന്നത് ഗുരുത്വം നഷ്ടമാക്കരുത് എന്നതാണ്. ആരാധിച്ചില്ലെങ്കിലും മുതിർന്ന കലാകാരന്മാർക്ക് ബഹുമാനം നൽകണമെന്ന് ജഗതി പറയുന്നു.
ഖത്തറിലെ കലാമേഖലയിൽ പ്രവർത്തിച്ചിരുന്ന എ വി എം ഉണ്ണി സിനിമാലോകത്ത് പ്രസിദ്ധനാണ്. ഗൾഫിലെത്തുന്ന മലയാള സിനിമാ, സാംസ്കാരിക താരങ്ങളെ അഭിമുഖം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് യൂട്യൂബ് ചാനലിലൂടെ അഭിമുഖങ്ങൾ പങ്കുവയ്ക്കുന്നത്.
Story highlights- jagathy sreekumar interview