‘എന്റെ അത്ഭുത ബാലന്…’; ബറോസിലെ ‘ഇമ്മിണി വല്യ’ സംഗീത സംവിധായകന് മോഹന്‍ലാലിന്റെ ആശംസ
അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. ബറോസ് എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. പിറന്നാള്‍ നിറവിലാണ് ലിഡിയന്‍. എന്റെ അത്ഭുതബാലന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയന്‍. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധേയനായത്.
സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്‌മാന്‍ ഇന്ത്യയുടെ നിധി എന്നാണ് ലിഡിയനെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ രണ്ടാം വയസുമുതല്‍ സംഗീതത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ചതാണ് ഈ കുട്ടിത്താരം. ഒമ്പതാം വയസില്‍ പിയാനോ പഠനം ആരംഭിച്ചു. തബലയിലും മൃദംഗത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പെട്ടതോടെ എആര്‍ റഹ്‌മാന്‍ അവനെ തന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. കണ്ണുുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയന്‍ മുമ്പും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
Read more: പിറന്നാള്‍ നിറവില്‍ മമ്മൂട്ടി; സ്പെഷ്യല്‍ മാഷപ്പ് വീഡിയോ ട്രെന്‍ഡിങ്ങില്‍
അതേസമയം മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ത്രിഡിയിലാണ് ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.
Story highlights: Mohanlal Birthday Wishes for Barroz Music Director Lydian