പിറന്നാള്‍ നിറവില്‍ മമ്മൂട്ടി; സ്പെഷ്യല്‍ മാഷപ്പ് വീഡിയോ ട്രെന്‍ഡിങ്ങില്‍

September 7, 2020
Mammootty Birthday Special Mashup

മലയാളികളുടെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയുടെ മാഷപ്പ് വീഡിയോ. ലിന്റോ കുര്യനാണ് വീഡിയോയ്ക്ക് പിന്നില്‍. യുട്യൂബില്‍ ട്രെന്‍ഡിങ് ആണ് ഈ വീഡിയോ.

രസകരങ്ങളായ ട്രോള് വീഡിയോകളിലൂടെയും മാഷപ്പ് വീഡിയോകളിലൂടേയും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയതാണ് ലിന്റോ കുര്യന്‍. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മമ്മൂട്ടി എന്ന അനശ്വര കലാകാരന്റെ അഭിനയ തീവ്രത പ്രതിഫലിപ്പിക്കുന്നു. മറ്റ് ചലച്ചിത്രതാരങ്ങള്‍ മമ്മൂട്ടി എന്ന നടനെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍….

അതേസമയം വണ്‍ ആണ് ഇനി മമ്മൂട്ടിയുടേതായി ഇനി പ്രേക്ഷകരിലേക്കെത്താനിരിക്കുന്ന ചിത്രം. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് വണ്‍. ഈ സിനിമയ്ക്ക് വണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Mammootty Birthday Special Mashup