‘ബിഗിൽ’ ഫസ്റ്റ് ലുക്കിന് ശേഷം ഏറ്റവുമധികം ആളുകൾ റീട്വീറ്റ് ചെയ്ത ചിത്രമായി വിജയ്യുടെ ‘മാസ്റ്റർ’ സെൽഫി
പ്രിയതാരങ്ങളുമായി ആരാധകർക്ക് നേരിട്ട് ഇടപഴകാൻ സാധിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഇഷ്ടതാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ആരാധകർ ഡിജിറ്റൽ ലോകത്ത് ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ, ഇന്ത്യൻ സിനിമാലോകത്ത് നിന്നും ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രം ചർച്ചയാവുകയാണ്.
2019ൽ ഏറ്റവുമധികം ആളുകൾ റീട്വീറ്റ് ചെയ്തത് വിജയ് നായകനായ ബിഗിലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ്. 2020ലും വിജയ് തന്നെയാണ് താരം. ആരാധാകർക്കൊപ്പം മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പകർത്തിയ സെൽഫിയാണ് ഈ വർഷം സിനിമാ ലോകത്തുനിന്നും ഏറ്റവുമധികം ആളുകൾ റീട്വീറ്റ് ചെയ്തത്.
കാരവാന് മുകളിൽ കയറി ആയിരക്കണക്കിന് ആരാധകരുമായി അവിസ്മരണീയമായ ഒരു സെൽഫിയായിരുന്നു വിജയ് എടുത്തത്. പിന്നീട് താരം തന്റെ ട്വിറ്റർ പേജിൽ ചിത്രം പങ്കിട്ടതോടെ വൈറലായി മാറുകയും ചെയ്തു. നെയ്വേലിയിൽ വെച്ചെടുത്ത ചിത്രമായിരുന്നു ഇത്. വിജയ് എന്ന ഹാഷ്ടാഗിലാണ് ഈ മാസ്സ് സെൽഫി റീട്വീറ്റ് ചെയ്യപ്പെട്ടത്.
അതേസമയം, മാസ്റ്റർ തിയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ചിത്രത്തിൽ വിജയ് സേതുപതി, ആൻഡ്രിയ ജെർമിയ, മാളവിക മോഹനൻ, ശന്തനു, അർജുൻ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.
Story highlights- most retweeted post in indian cinema industry