‘നല്ല ഇനം വാസു അണ്ണൻ; വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ’- മകനൊപ്പമുള്ള രസകരമായ ചിത്രവുമായി രമേഷ് പിഷാരടി
മലയാള സിനിമ- ടെലിവിഷൻ രംഗത്തെ ഏറ്റവും രസികനായ വ്യക്തിയാണ് രമേഷ് പിഷാരടി. വർഷങ്ങൾക്ക് മുൻപ് മിമിക്രി വേദിയിൽ നിന്നും തിരികൊളുത്തിയ ചിരിയമിട്ട് ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന ക്യാപ്ഷനുകളിലൂടെ തുടരുകയാണ്. ആരാധകർ എപ്പോഴും ചർച്ച ചെയ്യുന്ന കാര്യമാണ് പിഷാരടിയുടെ രസകരമായ ക്യാപ്ഷനുകളുടെ രഹസ്യം. ഇപ്പോൾ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൊട്ടിച്ചിരിപ്പിക്കുകയാണ് താരം.
മൂന്നുമക്കളാണ് രമേഷ് പിഷാരടിക്ക്. ഏറ്റവും ഇളയ മകനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘നല്ല ഇനം വാസു അണ്ണൻ; വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ’ എന്നാണ് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളുകളിൽ നിറയുന്നത് ദിലീപ് നായകനായെത്തിയ കുഞ്ഞിക്കൂനനിലെ സായികുമാർ കഥാപത്രമാണ്. വാസു എന്ന കഥാപാത്രത്തിന്റെ കണ്ണുകളാണ് ട്രോളുകളുടെ പിന്നിൽ. രസകരമായ ട്രോളുകളുടെ പശ്ചാത്തലത്തിലാണ് മകനൊപ്പമുള്ള ചിത്രത്തിന് പിഷാരടി ഇങ്ങനെയൊരു ക്യാപ്ഷൻ നൽകിയത്.
Read More: പശുക്കളെ പരിപാലിച്ച് യാഷും മകളും; സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ക്യൂട്ട് ചിത്രം
ഫേസ്ബുക്ക് സ്റ്റോറിയായി പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് രമേഷ് പിഷാരടി. 2008-ല് തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്ണ്ണതത്ത, ഗാനഗന്ധര്വ്വന് എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.
Story highlights- ramesh pisharady funny facebook story