‘അത് കൊറോണ ബാധിച്ച് മരിച്ച ഡോക്ടർ വിധിയല്ല, എന്റെ ചിത്രമാണ്’- വ്യാജ വാർത്തയ്ക്ക് എതിരെ സംസ്കൃതി ഷേണായി
സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിക്കാറുണ്ട്. കൊവിഡ് കാലത്ത് ഇത്തരം വ്യാജവാർത്തകൾ വർധിക്കുകയും ചെയ്തു. ഇപ്പോഴിതാ, നടി സംസ്കൃതി ഷേണായിയുടെ ചിത്രമുപയോഗിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഗുജറാത്തിൽ മരിച്ച ഡോക്ടർ വിധി എന്ന രീതിയിലാണ് സംസ്കൃതി ഷേണായിയുടെ ചിത്രവും കുറിപ്പും പ്രചരിച്ചത്. ഡോക്ടർ വിധിയെ തനിക്ക് അറിയില്ലെന്നും അങ്ങനെയൊരാൾ മരിച്ചിട്ടുണ്ടെങ്കിൽ പ്രണാമം എന്നുമാണ് സംസ്കൃതി കുറിക്കുന്നത്. ചിത്രത്തിലുള്ളത് താനാണെന്നും താരം വ്യക്തമാക്കുന്നു.
‘സുഹൃത്തുക്കളെ, ഇത് ഞാനാണ്, കൊച്ചിയിൽ നിന്നുള്ള സംസ്കൃതി ഷേണായി. ഗുജറാത്തിലെ കൊവിഡ് പോരാട്ടത്തിൽ മരണമടഞ്ഞ വിധി എന്ന ഡോക്ടർ എന്ന രീതിയിൽ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡോ. വിധിയെക്കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണ കാരണം ശരിക്കും അന്തരിച്ചുവെങ്കിൽ, എന്റെ പ്രണാമം. എന്നാൽ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതിനാൽ എന്റെ ഫോട്ടോ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്നത് ദയവായി ഒഴിവാക്കുക’.- സംസ്കൃതി ഫേസ്ബുക്കിൽ കുറിക്കുന്നു.
Read More: മൂക്കുത്തി ഭ്രമവും മൂക്കുത്തി സമരവും; അറിയാം ചില മൂക്കുത്തി കഥകൾ
മൈ ഫാൻ രാമു എന്ന ചിത്രത്തിലൂടെയാണ് സംസ്കൃതി ഷേണായി സിനിമാലോകത്തേക്ക് എത്തിയത്. വേഗം എന്ന സിനിമയിലൂടെ നായികയായി. പൃഥ്വിരാജ് നായകനായ അനാർക്കലി എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് സംസ്കൃതി ഷേണായി.
Story highlights- samskruthy shenoy aagainst fake news