‘ഞാൻ ഗന്ധർവ്വൻ’- പത്മരാജൻ ലുക്കിൽ അമ്പരപ്പിച്ച് സിജു വിൽസൺ

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, സിജുവിന്റെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സംവിധായകൻ പത്മരാജന്റെ ലുക്കിലുള്ള സിജുവിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
പത്മരാജനെ അതേപടി പകർത്തിയതുപോലെയാണ് സിജു വിൽസന്റെ ലുക്ക്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സിജു തന്നെയാണ് ചിത്രം പങ്കുവച്ചത്. ഞാൻ ഗന്ധർവൻ എന്ന കുറിപ്പിനൊപ്പമാണ് സിജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ചിത്രത്തിന് കമന്റുകളുമായി എത്തി. പത്മരാജന്റെ ജീവിതം സിനിമയാക്കിയാൽ നായകനാകാൻ സാധ്യതയുണ്ട് എന്നാണ് ഒട്ടേറെപ്പേർ കമന്റ്റ് ചെയ്തിരിക്കുന്നത്.
മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരീചൻ, വരയൻ എന്നീ ചിത്രങ്ങളിലാണ് സിജു വിൽസൺ നായകനാകുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിഖിൽ ഉണ്ണിയാണ് മാരീചൻ സംവിധാനം ചെയ്യുന്നത്. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.