പ്രഭാസും ദീപിക പദുകോണും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവും ഭാഗമാകുന്നു
ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചലച്ചിത്രകാരൻ സിംഗീതം ശ്രീനിവാസ റാവു പ്രഭാസ് ചിത്രത്തിൽ ഭാഗമാകുന്നു. നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസും ദീപിക പദുക്കോണുമാണ് നായികാനായകന്മാർ. ചിത്രത്തിന്റെ ക്രീയേറ്റീവ് മെന്ററായാണ് സിംഗീതം ശ്രീനിവാസ റാവുവിനെ ചിത്രത്തിന്റെ നിർമാതാക്കൾ ക്ഷണിച്ചിരിക്കുന്നത്.
കൊവിഡ് പോസിറ്റീവ് ആയതിന് ശേഷം ഹോം ക്വാറന്റീനിലാണ് സിംഗീതം ശ്രീനിവാസ റാവു. ഇതിനിടയിൽ തിരക്കഥകൾ രചിക്കുന്നതിനും, വായനയ്ക്കുമായി സമയം മാറ്റിവെച്ചിരിക്കുകയാണ്. ക്വാറന്റീനിൽ തുടർന്നുകൊണ്ട് പ്രഭാസ് ചിത്രത്തിൽ മെന്ററായി പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.
‘ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. ഞങ്ങളുടെ ഇതിഹാസത്തിലേക്ക് സിംഗീതം ശ്രീനിവാസ റാവുവിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ മഹാശക്തികൾ തീർച്ചയായും വഴികാട്ടിയാകും’ എന്ന കുറിപ്പിനൊപ്പമാണ് സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ഭാഗമാകുന്നതായി നിർമാതാക്കൾ പങ്കുവെച്ചത്.
മഹാനടിയുടെ സംവിധായകനായ നാഗ് അശ്വിന്റെ സംവിധാനത്തിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസാണ് ചിത്രം ഒരുക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം. സാങ്കല്പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും സൂചനയുണ്ട്. 2021 അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
Story highlights- Singeetham Srinivasa Rao is the mentor for Prabhas and Deepika Padukone’s film