‘ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല, ഉറപ്പും കൂടിയാണ് റോഷന്‍’ താരത്തെ പ്രകീര്‍ത്തിച്ച് കുറിപ്പ്
ചുരുങ്ങിയ കാലളവ് കൊണ്ട് പ്രേക്ഷതക പ്രീതി നേടിയ താരമാണ് റോഷന്‍ മാത്യു. ഫഹദ് ഫാസിലിന് ഒപ്പം സി യു സൂണ്‍ എന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും ഒരു സുപ്രധാന കഥാപാത്രമായെത്തി. താരത്തെ പ്രകീര്‍ത്തിച്ച് ടിങ്കു ജോണ്‍സണ്‍ എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി ചിത്രത്തിലെത്തി. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റീലിസ്. അതേസമയം 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ് സി യു സൂണ്‍. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
റോഷന്‍ മാത്യുവിനെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
‘സീ യു സൂണ്‍ ‘ സിനിമയില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചു ഫഹദിനെ ഫോണ്‍ ചെയ്യുന്നൊരു രംഗമുണ്ട് . അതില്‍ റോഷന്റെ ശബ്ദത്തില്‍ പോലും ഒരു വിറയലുണ്ട്, അതോടൊപ്പം നിസ്സഹായതയുമുണ്ട്.
അതോടൊപ്പം തന്നെ ഫഹദിനോട് ദേഷ്യപ്പെടുന്ന സീനില്‍ അയാളുടെ ശബ്ദത്തില്‍ തന്നെ അത്രയും ദേഷ്യവും നിരാശയുമൊക്കെ മിന്നിമറയുന്നുമുണ്ട് .
യൂട്യൂബില്‍ നോക്കിയാല്‍ ഏതാണ്ട് ഒന്‍പത് മിനിറ്റോളം നീളമുള്ള അയാളുടെ ഒരു കഥപറച്ചിലും കാണാന്‍ കഴിയും. അതില്‍ അയാളുടെ അവതരണവും ശബ്ദമാറ്റവുമൊക്കെ നല്ല രസമാണ.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അയാളുടെ മൂന്ന് സിനിമകള്‍ ഒറ്റയിരുപ്പില്‍ കണ്ട് തീര്‍ത്തതും. കപ്പേളയില്‍ അയാളുടെ ശബ്ദത്തിനോടാണ് ഇഷ്ടം തോന്നിയതെങ്കില്‍ മൂത്തോനില്‍ അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും. ഇതൊക്കെ കണ്ട അനുരാഗ് കശ്യപ് അയാളെ തന്റെ സിനിമയിലെ കഥാപാത്രമാക്കിയെന്നതില്‍ അതിശയമേയില്ല.
ഒരു നടന്റെ വളര്‍ച്ചയുടെ ഗ്രാഫ് വരച്ചു നോക്കിയാല്‍ ഏറ്റവും വളര്‍ച്ചയുണ്ടായിട്ടുള്ളത് റോഷന്‍ എന്ന വ്യക്തിക്ക് തന്നെയാകണം. ആനന്ദത്തില്‍ നിന്നും സീ യു സൂണില്‍ എത്തുമ്പോഴേക്കും അയാള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല, അയാളൊരു ഉറപ്പും കൂടിയാണ്.
അയാള്‍ തിരഞ്ഞെടുക്കുന്നത് സിനിമകളെയല്ല, കഥാപാത്രങ്ങളെയാണ്. അതിനാല്‍ തന്നെ അയാളുടെ കഴിവുകളെ സ്‌ക്രീനിലെത്തിക്കാന്‍ അയാള്‍ തന്നെ അവസരമുണ്ടാക്കുന്നതായി തന്നെയാണ് തോന്നുന്നതും, അതിന് അയാളുടെ ശബ്ദം പോലും അത്രയും സഹായിക്കുന്നുണ്ട്..
ഒന്നും രണ്ടുമൊന്നുമ, അയാളുടേതായി വന്ന് കൊണ്ടിരിക്കുന്ന ഓരോ കഥാപാത്രങ്ങളും സ്ഥിരതയോടെ മുന്നോട്ട് തന്നെയാണ് പോകുന്നത്. എത്രയോ നടന്മാര്‍ക്ക് ഇന്ന് സാധിക്കാത്തതും അതാണ് ….
സ്ഥിരതയോടെ റണ്‍സ് അടിച്ചു കൂട്ടുന്നത് കൊണ്ടാകണം ക്രിക്കറ്റില്‍ ഒരാളെ നമ്മള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. സിനിമയില്‍ അഭിനയത്തിന്റെ സ്ഥിരതയോടെ ഒരു ഇരുപത്തെട്ട് കാരന്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ഇഷ്ടപ്പെടാതെ തരമില്ലല്ലോ…
Story highlights: Social media post about Roshan Mathew