‘എന്റെ മലയാളി വേരുകളിൽ ഞാൻ അഭിമാനിക്കുന്നു’- സീ യു സൂണിന് അഭിനന്ദനം അറിയിച്ച് തൃഷ

September 9, 2020

മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ‘സീ യു സൂൺ’ മികച്ച പ്രതികരണം നേടുകയാണ്. റോഷൻ മാത്യു, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരുടെ പ്രകടനം കൊണ്ടും ആശയവും ആവിഷ്കാരവും കൊണ്ടും വേറിട്ടുനിൽക്കുന്ന ‘സീ യു സൂണി’ന് അഭിനന്ദനം അറിയിക്കുകയാണ് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തൃഷ സീ യു സൂണിന് അഭിനന്ദനം അറിയിച്ചത്. സംവിധാനവും അഭിനേതാക്കളുടെ പ്രകടനവും ഒന്നിനൊന്നു മികച്ചതാണെന്നും തന്റെ മലയാളി വേരുകളിൽ അഭിമാനിക്കുന്നുവെന്നും തൃഷ കുറിക്കുന്നു. തമിഴ് സിനിമയിലാണ് സജീവമെങ്കിലും പാലക്കാട് സ്വദേശിനിയാണ് തൃഷ കൃഷ്ണൻ.

ഒട്ടേറെ നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ആമസോൺ പ്രൈമിലാണ് സീ യു സൂൺ പ്രദർശനത്തിനെത്തിയത്. മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രമായാണ് സീ യു സൂൺ വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള സിനിമാ വ്യവസായം കൊവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോൾ ഒരു അതിജീവന ശ്രമമായി ഒരു കോട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ചിത്രമാണ് സീ യു സൂൺ. പരിമിതമായ സൗകര്യങ്ങളിൽ വിവിധ ഇടങ്ങളിലിരുന്നാണ് ഫഹദും മഹേഷ് നാരായണനും ചിത്രം ഒരുക്കിയത്.

Read More: ‘അപ്പോൾ എങ്ങനെയാ ആഘോഷിക്കുവല്ലേ?’- അയ്യപ്പന് പിറന്നാൾ ആശംസിച്ച് കണ്ണമ്മയും കോശിയും

സൈജു കുറുപ്പ്, മാല പാർവതി, തുടങ്ങി ചുരുക്കം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ ഓടിടി റിലീസ് ആണ് സീ യു സൂൺ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് നിർമിച്ച ചിത്രത്തിൽ റോഷന്റെയും, ഫഹദ് ഫാസിലിന്റെയും പ്രകടനത്തെക്കാൾ കയ്യടി ലഭിക്കുന്നത് ദർശന രാജേന്ദ്രനാണ്.

Story highlights- thrisha krishnan about c u soon