തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കാൻ കാത്തിരിപ്പ് നീളും; ഒക്ടോബർ 31 വരെ ലോക്ക് ഡൗൺ നീട്ടി
തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിപ്പ് നീളും. കാരണം, ഒക്ടോബർ 31 വരെ തമിഴ്നാട്ടിലെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം ശക്തമായതിനെത്തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ തമിഴ്നാട്ടിൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തിയേറ്ററുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, സ്വിമ്മിങ് പൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ബീച്ചുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ അടച്ചിടുമെന്നാണ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.തമിഴ്നാട് സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,സാമൂഹിക അകലം പാലിക്കൽ, ശുചിത്വ നടപടികൾ, മാസ്ക് അണിയുന്നത് എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നിർദേശങ്ങളും പിന്തുടർന്ന് പരമാവധി 100 പേരുമായി സിനിമാ ചിത്രീകരണം തുടരാം. എന്നാൽ സെറ്റുകളിൽ സന്ദർശകരെ അനുവദിക്കാൻ പാടില്ല.
മുൻപ് ലോക്ക് ഡൗൺ നിരവധി തൊഴിലാളികളെ ബാധിച്ചതിനാൽ 75 ആളുകളെ ഉൾപ്പെടുത്തി ഷൂട്ടിംഗിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. നിരവധി സിനിമകളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങൾ ഒടിടി റീലിസിനും തയ്യാറെടുക്കുകയാണ്.
Story highlights- tamilnadu government extends lockdown till October 31