‘തണ്ണീർമത്തൻ ദിനങ്ങൾ’ തമിഴിലേക്ക്- റീമേക്കിലും നായികയായി അനശ്വര രാജൻ

September 13, 2020

അടുത്തിടെ മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം അന്യഭാഷകളിലേക്ക് റീമേക്കിന് തയ്യാറെടുക്കുകയാണ്. അയ്യപ്പനും കോശിയും, ഹെലൻ, ഡ്രൈവിംഗ് ലൈസൻസ്, ലൂസിഫർ, ഇഷ്ക് എന്നീ ചിത്രങ്ങൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സൂപ്പർഹിറ്റ് ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം തന്നെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. അതിനൊപ്പം തന്നെ തമിഴ് റീമേക്കിനും തയ്യാറെടുക്കുകയാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’.ഗിരീഷ് തന്നെയാണ് റീമേക്ക് വാർത്ത സ്ഥിരീകരിച്ചത്.

തെലുങ്കിലും തമിഴിലും അനശ്വര രാജൻ തന്നെയാണ് നായികാവേഷത്തിൽ എത്തുന്നത്. തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹേമന്ദ് ആണ്. വിനീത് ശ്രീനിവാസനും മാത്യു തോമസും അനശ്വരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തണ്ണീർമത്തൻ ദിനങ്ങൾ സ്കൂളും സൗഹൃദവും പ്രണയവുമൊക്കെ പങ്കുവെച്ച ചിത്രമായിരുന്നു. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു ഇത്.

Read More: ‘കാണുന്നില്ല, കേൾക്കുന്നില്ല; പക്ഷെ എപ്പോഴും അടുത്ത് തന്നെയുണ്ട്’- ഗായിക സ്വർണ്ണലതയുടെ ഓർമ്മകളിൽ കെ എസ് ചിത്ര

തമിഴ് റീമേക്ക് അവകാശവും തെലുങ്കിനൊപ്പം കഴിഞ്ഞ വർഷം തന്നെ വിറ്റുപോയിരുന്നു. 2020ൽ തന്നെ ചിത്രം തമിഴിൽ റിലീസിന് എത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷെ, ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചതോടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാൻ ടീമിന് സാധിച്ചില്ല. അതേസമയം, ‘രാങ്കി’ എന്ന ചിത്രത്തിലൂടെ അനശ്വര തമിഴിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ സൂപ്പർ ശരണ്യയാണ് അനശ്വര നായികയാകുന്ന പുതിയ ചിത്രം. ‘തണ്ണീർമത്തൻ ദിനങ്ങൾ’ സംവിധായകൻ ഗിരീഷ് തന്നെയാണ് സൂപ്പർ ശരണ്യയും ഒരുക്കുന്നത്. അർജുൻ അശോകനാണ് നായകൻ.

Story highlights- Thaneer Mathan Dinangal gets a Tamil remake