നീളൻ മുടിയും ചേറിൽ പുതഞ്ഞ ശരീരവും; ടൊവിനോ തോമസിന്റെ പുതിയ ലുക്കിന് പിന്നിൽ

September 30, 2020

ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടിയും ലുക്കും സ്റ്റൈലും ഒക്കെ മാറ്റുന്നവരാണ് ചലച്ചിത്ര താരങ്ങൾ. താരങ്ങളുടെ ലുക്കും സ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവവമായ ചർച്ചകൾക്ക് വഴിതെളിക്കാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ടൊവിനോ തോമസിന്റ പുതിയ ചിത്രം. ചേറിൽ പുതഞ്ഞ് നീളം മുടിയുമായി ഇരിക്കുന്ന ടൊവിനോയുടെ ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലായത്.

ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലെ ലുക്കാണ് ഇത്. ‘കള’ എന്നാണ് ചിത്രത്തിന്റെ പേര്. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു എന്നു ടൊവിനോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ടൊവിനോയെ നായകനാക്കി പുതിയ ചിത്രവുമായി രോഹിത് വി എസ് വരുമ്പോള്‍ വാനോളം പ്രതീക്ഷയിലാണ് ആരാധകരും.

Story Highlights: tovino thomas new look