തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസകഥയുമായി വിനയൻ- ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നു
തിരുവിതാംകൂറിന്റെ ഇതിഹാസകഥയുമായി വിനയൻ എത്തുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവയ്ക്കുകയാണ് വിനയൻ. ഇതിഹാസ താരങ്ങളായ കായംകുളം കൊച്ചുണ്ണി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, നങ്ങേലി എന്നീ കഥാപാത്രങ്ങളെല്ലാം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ഭാഗമാകും. വിനയന്റെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് പങ്കുവെച്ചത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വിനയൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്നു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്;
വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ..നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം.
Story highlights- vinayan announced his next project pathompatham noottand