7801 വജ്രങ്ങളുമായി ചരിത്രം സൃഷ്ടിച്ച മോതിരം

October 27, 2020
7801 diamonds in a ring

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് ഒരു മോതിരം. വെറും മോതിരമല്ല മനോഹരമായ ഒരു ഡയമണ്ട് റിങ്. 7801 വജ്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട് ഈ മോതിരത്തില്‍. ഇതുതന്നെയാണ് ഈ മോതിരത്തിന്റെ പ്രധാന ആകര്‍ഷണവും.

ഏറ്റവും കൂടുതല്‍ ഡയമണ്ടുകള്‍ ഉപയോഗിച്ച് തയാറാക്കിയിരിക്കുന്ന മോതിരം എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ മോതിരം സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരബാദ് സ്വദേശിയായ കോട്ടി ശ്രീകാന്താണ് മോതിരം തയാറാക്കിയിരിക്കുന്നത്. ദ് ഡയമണ്ട് സ്‌റ്റോര്‍ ബൈ ചന്തുഭായ് എന്ന ജ്വല്ലറിയുടെ ഉടമയാണ് ഇദ്ദേഹം.

ദ് ഡിവൈന്‍ 7801 ബ്രഹ്‌മ വജ്ര കമലം എന്നാണ് മോതിരത്തിന് നല്‍കിയിരിക്കുന്ന പേര്. ആറ് പാളികളുണ്ട് ഈ മോതിരത്തിന്. ആദ്യത്തെ അഞ്ച് പാളികളില്‍ 8 ഇതളുകളാണുള്ളത്. അവസാനത്തെ പാളിയിലാകട്ടെ ആറ് ഇതളുകളും മൂന്ന് ഫിലമെന്റുകളുമുണ്ട്.

മോതിരം നിര്‍മിക്കുന്നതിന്റെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 2018-ലാണ് ഏറ്റവും അധികം ഡയമണ്ടുകള്‍ പതിച്ച മോതിരം എന്ന ആശയത്തെക്കുറിച്ച് കോട്ടി ശ്രീകാന്ത് ചിന്തിച്ചത്. തുടര്‍ന്ന് കംപ്യൂട്ടറൈസ്ഡ് ഡിസൈനിലൂടെ എത്ര ഡയമണ്ടുകള്‍ വേണ്ടി വരുമെന്ന് കണക്കാക്കി. ഏകദേശം പതിനൊന്ന് മാസങ്ങള്‍ക്കൊണ്ടാണ് മോതിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Story highlights: 7801 diamonds in a ring