അക്ഷയ് കുമാറിന് ഗിന്നസ് ലോക റെക്കോർഡ്; മൂന്ന് മിനുട്ടിൽ 184 സെൽഫി-വിഡിയോ

February 23, 2023

നടൻ അക്ഷയ് കുമാറിന് ലഭിച്ച ഗിന്നസ് ലോക റെക്കോർഡാണ് ഇപ്പോൾ ചർച്ചാവിഷയം. ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തുന്ന ‘സെൽഫി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് നടൻ റെക്കോർഡ് സ്വന്തമാക്കിയത്. ആരാധകർക്കൊപ്പം സെൽഫിയെടുത്താണ് അക്ഷയ് കുമാർ റെക്കോർഡിട്ടത്. മൂന്ന് മിനുട്ടിൽ 184 സെൽഫിയാണ് താരം ആരാധകർക്കൊപ്പം എടുത്തത്. ഇത് പുതിയ ലോക റെക്കോർഡാണ്. നേരത്തെ മൂന്ന് മിനുട്ടിൽ 105 സെൽഫിയെടുത്ത ഹോളിവുഡ് സൂപ്പർ താരം ഡ്വെയ്ൻ ജോൺസന്റെ 2015 ലെ റെക്കോർഡാണ് പഴങ്കഥയായത്.

സെൽഫിയുടെ നിർമ്മാണത്തിൽ നടൻ പൃഥ്വിരാജും പങ്കാളിയാണ്. മലയാളത്തിൽ വലിയ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് കൂടിയാണ് ചിത്രം. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അക്ഷയ് കുമാർ അവതരിപ്പിക്കുമ്പോൾ സുരാജിന്റെ കഥാപാത്രത്തെ ഇമ്രാൻ ഹാഷ്‌മിയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം അക്ഷയ് കുമാറും ടൈഗർ ഷെറോഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ഒരു വിവാഹ ചടങ്ങിൽ അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജ് ചുവടുകൾ വെയ്ക്കുന്നതിന്റെ വിഡിയോ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.

Read More: “മോഹൻലാൽ സാർ, ഈ നൃത്തം ഞാൻ എന്നും ഓർത്തുവെയ്ക്കും..”; വിഡിയോ പങ്കുവെച്ച് അക്ഷയ് കുമാർ

അതേ സമയം മോഹൻലാലും അക്ഷയ് കുമാറും ഒരുമിച്ച് ചുവടുകൾ വെയ്ക്കുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ജയ്‌പ്പൂരിൽ വെച്ച് നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് ഇരുവരും ഒരുമിച്ച് ചുവട് വെച്ചത്. അക്ഷയ് കുമാറാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നും ഓർത്തുവെയ്ക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം” എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

Story Highlights: Akshay kumar guinness world record