“മോഹൻലാൽ സാർ, ഈ നൃത്തം ഞാൻ എന്നും ഓർത്തുവെയ്ക്കും..”; വിഡിയോ പങ്കുവെച്ച് അക്ഷയ് കുമാർ

February 11, 2023

മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ റിലീസായ മിക്ക സിനിമകളും മലയാളത്തിലെ വലിയ ഹിറ്റുകളാണ്. ഇതിൽ മിക്ക ചിത്രങ്ങളും പിന്നീട് ബോളിവുഡിലേക്ക് റീമേക്ക് ചെയ്‌തിട്ടുണ്ട്‌. പ്രിയദർശൻ തന്നെ സംവിധാനം ചെയ്‌ത്‌ ഈ ചിത്രങ്ങളിൽ മിക്കപ്പോഴും മോഹൻലാൽ ചെയ്‌ത കഥാപാത്രങ്ങൾ അക്ഷയ് കുമാറാണ് ഹിന്ദിയിൽ അവതരിപ്പിച്ചത്. അക്ഷയ് കുമാറിന്റെ ആക്ഷൻ ഹീറോ ഇമേജ് തന്നെ മാറ്റിയ കഥാപാത്രങ്ങളായിരുന്നു ഈ ചിത്രങ്ങളിലേത്.

മോഹൻലാലും അക്ഷയ് കുമാറും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ജയ്‌പ്പൂരിൽ വെച്ച് നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് ഇരുവരും ഒരുമിച്ച് ചുവട് വെച്ചത്. അക്ഷയ് കുമാറാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. “നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നും ഓർത്തുവെയ്ക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം” എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

അതേ സമയം മികച്ച പ്രതികരണമാണ് മോഹൻലാൽ ചിത്രം സ്‌ഫടികത്തിന്റെ റീ റിലീസിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്‌ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് സ്‌ഫടികം. സ്‌ഫടികം തിയേറ്ററിൽ കാണാൻ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്‌ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്ന് ഭദ്രൻ പറഞ്ഞിരുന്നു.

Story Highlights: Akshay kumar shares dance video with mohanlal