വാദിക്കാൻ ഇനിയും കേസുകളേറെയുണ്ട്; ജോലി ചെയ്ത് ഗിന്നസിലേക്ക് മേനോൻ വക്കീൽ!

November 8, 2023

ആഴ്ചയിലെ ഒന്നു രണ്ടു ദിവസത്തെ അവധി പോലും മതിയാവാത്തവരാണ് നമ്മളിൽ പലരും. വിശ്രമമില്ലാതെ, മടുപ്പു തോന്നാതെ തുടർച്ചയായി ജോലി ചെയ്യുക എന്നത് ഒരിക്കലും നടക്കാത്തൊരു കിനാവ് പോലെയും. എന്നാൽ 73 കൊല്ലങ്ങളായി അവധിയും വിശ്രമവുമില്ലാതെ ജോലി ചെയ്യുന്നൊരാളുണ്ട്. പാലക്കാടുള്ള മുതിർന്ന അഭിഭാഷകൻ പി ബി മേനോനാണ് തന്റെ നീണ്ട കാലത്തെ സേവനം മൂലം ഇപ്പോൾ ഗിന്നസിൽ പേരെഴുതി ചേർത്തിരിക്കുന്നത്. (Senior lawyer P.B Menon embarks his name in Guinness records)

1947 ൽ വിക്ടോറിയ കോളേജിലെ ബിരുദ പഠനത്തിനു ശേഷം മദ്രാസ് ലോ കോളേജിൽ നിന്നാണ് അദ്ദേഹം നിയമം പഠിച്ചത്. 1950 ജൂലൈ 18 നു ജോലി ആരംഭിച്ച മേനോൻ പ്രായം കൊണ്ടും കർമ്മം കൊണ്ടും മറ്റുള്ളവർക്ക് സീനിയർ വക്കീലാണ്. 75 വർഷവും 60 ദിവസവും സേവനം അനുഷ്ഠിച്ചതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം.

കഠിനപ്രയത്‌നവും ആത്മാർത്ഥതയുമാണ്‌ തന്റെ വിജയ രഹസ്യമെന്നാണ് വക്കീലിന്റെ വാദം. അതുകൊണ്ട് തന്നെ 97-ാം വയസ്സിലും മേനോൻ വക്കീലിനെ തേടിയെത്തുന്ന ആളുകളുടെ എണ്ണം ഇന്നും തീരെ കുറഞ്ഞിട്ടില്ല. പലയിടങ്ങളിൽ നിന്നും സഹായത്തിനായി അദ്ദേഹത്തെ തേടി ആളുകൾ എത്തുന്നുണ്ട്. തൻ്റെ അരികെ എത്തുന്നവർക്ക് രക്ഷ കിട്ടുമെന്ന വിശ്വാസമുണ്ടെന്നും ആ ഉറപ്പ് തന്നെ ഏറെ സന്തോഷവാനാക്കുന്നുവെന്നും വക്കീലിന്റെ വാക്കുകൾ.

Read also: രോഗിയിൽ നിന്നും ഡോക്ടറായവൾ; സ്വപ്നം കണ്ടതെല്ലാം നേടിയെടുത്ത് അർച്ചന!

ഇനിയെങ്കിലും അൽപ്പം വിശ്രമം വേണ്ടേ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് വക്കീലിന് ഒരേയൊരു ഉത്തരം മാത്രം, ‘നിർത്തില്ല’. അവസാന നിമിഷം വരെ താനിത് തുടരുമെന്നും ആവുന്നിടത്തോളം കാലം ഇത് ചെയ്യാൻ സാധിക്കുന്നത് തനിക്ക് സന്തോഷം മാത്രമാണ് നൽകുന്നതെന്നും മേനോൻ വക്കീൽ പറയും. ഒരു ദിവസവും മുടങ്ങാതെ ജോലിക്ക് എത്തുന്ന മേനോൻ എന്നും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഒരു വിദ്യാർത്ഥി കൂടെയാണെന്ന് പറയുന്നു.

ആയുരാരോഗ്യ സൗഖ്യത്തോടെ തന്റെ അരികെയെത്തുന്നവർക്ക് തണലേകാൻ പ്രിയ സീനിയർ വക്കീലിന് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Story highlights: Senior lawyer P.B Menon embarks his name in Guinness records