മലര്‍വാടി ആര്‍ട്‌സ് ക്ലബ് ജൂനിയര്‍; വൈറല്‍ ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്

October 5, 2020
Aju Varghese Malarvady Arts Club Image

മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ ചലച്ചിത്രരംഗത്തേക്ക് വരവറിയിച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിച്ച മലര്‍വാടി ആര്‍ട്സ് ക്ലബ്. ചിത്രം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. എങ്കിലും സൗഹൃദത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ഓര്‍മകള്‍ ഇപ്പോഴും സിനിമാ ലോകത്തു നിന്നും വിട്ടകന്നിട്ടില്ല.

ഇപ്പോഴിതാ ശ്രദ്ധ നേടുകായാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബുമായി ബന്ധപ്പെട്ട് അജു വര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം. മലര്‍വാടി ആര്‍ട്‌സ് ക്ലബ് ജൂനിയര്‍ എന്ന ഫോട്ടോയാണ് ഇത്. താരങ്ങളുടെ ബാല്യകാലത്തെ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഈ ഫോട്ടോയില്‍. ഇത്തരത്തിലുള്ള നിരവധി ഫോട്ടോകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായരുന്നു. എന്തായാലും ഈ ഫോട്ടോയും ശ്രദ്ധ നേടിയിരിക്കുകയാണ് സൈബര്‍ ഇടങ്ങളില്‍.

അതേസമയം അജു വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

സംവിധായകന്‍ അരുണിനൊപ്പം അജു വര്‍ഗീസ്, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബേക്കറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂര്‍ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങള്‍ക്കായി ചിത്രീകരിച്ചിരുന്നു.

ലളിതമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നന്മയുള്ള ചില മനുഷ്യരുടെ കഥയാണ് പറയുന്നത് എന്നാണ് സൂചന. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍, വൈശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Aju Varghese Malarvady Arts Club Image