‘എന്നെ സ്നേഹിച്ച, ഒരു നടിയെന്ന നിലയിൽ മനസിലാക്കിയ ആളുകളോട് സ്നേഹവും നന്ദിയും’- പുരസ്‌കാരത്തിന് നന്ദിയറിയിച്ച് അന്ന ബെൻ
ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയത്തിന്റെ മനോഹര നിമിഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് അന്ന ബെൻ. രണ്ടാമത്തെ ചിത്രമായ ഹെലനിലൂടെ അമ്പരപ്പിച്ച അന്ന ബെൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹയായ സന്തോഷത്തിലാണ്. തന്റെ സന്തോഷം ഹെലനിലെ കുറച്ച് ചിത്രങ്ങളിലൂടെയും കുറിപ്പിലൂടെയും പങ്കുവയ്ക്കുകയാണ് അന്ന ബെൻ.
‘ആശംസകളുടെയുംഅഭിനന്ദനത്തിന്റെയും അലകളെത്തുമ്പോൾ എന്റെ ജീവിതത്തിൽ സ്നേഹവും ലക്ഷ്യവും നിറയ്ക്കുന്ന എല്ലാവരേയും ഞാൻ ഓർക്കുന്നു. അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടെയും, കണ്ണീരിന്റെയും ഊഷ്മളമായ ആലിംഗനങ്ങളുടെയും എല്ലാ നിമിഷങ്ങളും ഓർക്കുകയാണ്. എന്നെ സ്നേഹിച്ച, ഒരു നടിയെന്ന നിലയിൽ എന്നെ മനസിലാക്കിയ ആളുകളോട് സ്നേഹവും നന്ദിയും’- അന്ന കുറിക്കുന്നു.
നാട്ടിൻപുറത്തിന്റെ കുറുമ്പും കുസൃതിയുമായി ബേബി മോളായി വന്ന് മികച്ച പ്രകടനമാണ് ആദ്യ ചിത്രത്തിൽ അന്ന ബെൻ കാഴ്ചവെച്ചത്. രണ്ടാമത്തെ ചിത്രമായ ഹെലനിൽ കൂടുതൽ മികച്ചതായി അമ്പരപ്പിച്ചു. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് നിർമിച്ചത്.
മാത്തുക്കുട്ടിക്കൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.
Read More: നന്ദമുരി ബാലകൃഷ്ണയുടെ നായികയായി പ്രയാഗ മാർട്ടിൻ തെലുങ്കിലേക്ക്
ഹെലന് ശേഷം അന്ന നായികയായ കപ്പേളയും മികച്ച പ്രതികരണമാണ് നേടിയത്. റോഷൻ മാത്യുവും അന്ന ബെന്നും ശ്രീനാഥ് ഭാസിയുമായിരുന്നു കപ്പേളയിൽ പ്രധാന വേഷത്തിൽ എത്തിയത്.
Story highlights- anna ben about state award