പെപ്പെയ്ക്ക് പിറന്നാൾ; ആന്റണി വർഗീസിന് സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ

October 11, 2020

അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ താരമാണ് ആന്റണി വർഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് ആന്റണി അറിയപ്പെടുന്നതും. ആരാധകർക്ക് പെപ്പെയാണ് ആന്റണി. അങ്കമാലിക്കാരുടെ കഥ പറഞ്ഞ ലിജോ ജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആന്റണി ഏറ്റവും ഒടുവിൽ വേഷമിട്ടതും ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിലാണ്. ജല്ലിക്കെട്ടിലും ശ്രദ്ധേയ വേഷമാണ് താരം കൈകാര്യം ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് തന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ആന്റണി.

പിറന്നാൾ ദിനത്തിൽ ആന്റണി വർഗീസിന് ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ. നടന്റെ സുഹൃത്തുക്കളായ ആദില്‍ ഇബ്രാഹിം, സര്‍ജാനോ ഖാലിദ് തുടങ്ങിയവരാണ് രാവിലെ അങ്കമാലിയിലെ വീട്ടില്‍ മനോഹരമായൊരു കേക്കുമായി എത്തിയത്. ആന്റണിയുടെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളും ആന്റണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ജല്ലിക്കട്ടിന് പിന്നാലെ അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് തുടങ്ങിയവയാണ് ആന്റണി വര്‍ഗീസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.

Story highlights-antony varghese birthday celebration