ഹൊറർ ത്രില്ലറുമായി ഐശ്വര്യ രാജേഷ്; അമ്പരപ്പിച്ച് ‘ഭൂമിക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ചുരുങ്ങിയ കാലംകൊണ്ട് പ്രതിഭ തെളിയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ആരാധ ഹൃദയം കീഴടക്കിയ ഐശ്വര്യയുടെ പുതിയ ചിത്രമായ ഭൂമികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. തമിഴിലും തെലുങ്കിലും നിർമ്മിച്ച ദ്വിഭാഷാ ചിത്രമായ ഭൂമികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി താരങ്ങൾ ചേർന്നാണ് പങ്കുവെച്ചത്.
ഐശ്വര്യയുടെ 25-ാമത്തെ ചിത്രമാണ് ഭൂമിക. കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. രതിന്ദ്രൻ ആർ പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറർ ത്രില്ലറാണ് ചിത്രം. പരിസ്ഥിതിയെക്കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. നീലഗിരി കുന്നുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
Read More: സംവിധായകനായി ഐവി ശശിയുടെ മകൻ; ആദ്യ ചിത്രത്തിൽ നിത്യ മേനോനും
റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യ രാജേഷ് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടുകഴിഞ്ഞു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിലേക്കും എത്തി. തുടർന്ന് സഖാവ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
Story highlights- bhoomika first look poster