ഛായാഗ്രാഹകനിൽ നിന്നും സംവിധായകനിലേക്ക്; സാനു ജോൺ വർഗീസ് ചിത്രത്തിലൂടെ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്നു
മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാർവതി തിരുവോത്തും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകനാകുന്ന ചിത്രം നിർമിക്കുന്നത് ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്നാണ്. ഷറഫുദ്ധീൻ,സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ന് കോട്ടയത്ത് ചിത്രീകരണം ആരംഭിച്ച ചിത്രം 2021 ജനുവരിയിൽ തിയേറ്ററിൽ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
ടേക്ക് ഓഫ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, മാലിക്, വിശ്വരൂപം, തൂങ്കാവനം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ ഛായാഗ്രാഹകനായ വ്യക്തിയാണ് സാനു ജോൺ വർഗീസ്.
അതേസമയം ഹലാൽ ലൗ സ്റ്റോറിയാണ് പർവതിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തുന്നത്. രാച്ചിയമ്മ, വർത്തമാനം എന്നീ ചിത്രങ്ങളാണ് പാർവതി തിരുവോത്ത് നായികയായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ നായകനായി ഒരുങ്ങുന്ന ചിത്രമാണ് തലയുണ്ട്, ഉടലില്ല. എസ് ഐ സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണ് ‘തലയുണ്ട്, ഉടലില്ല’. ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോനും സുഗീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തലയുണ്ട്, ഉടലില്ല’. ദിലീപ് പൊന്നപ്പൻ, പ്രേം രാധാകൃഷ്ണൻ ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഷാദ് കോയയും അജീഷ് ഓ കെയും ചേർന്ന് ചിത്രം നിർമിക്കുന്നത്.
Story Highlights: biju menon and parvathy unites for new movie