ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ഐ എം വിജയൻറെ ജീവിതകഥയുമായി ഡോക്യുമെന്ററി ഒരുങ്ങുന്നു

October 22, 2020

ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം ഐ എം വിജയൻറെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ദി വീക്ക് ആണ് ഡോക്യുമെന്ററി ഒരുക്കുന്നത്. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

‘ഐ. എം. വിജയൻ അൺപ്ലഗ്ഡ്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ‘വരും തലമുറകൾ അറിയേണ്ട കഥയായ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തിന്റെ ഡോക്യുമെന്ററി ഐ. എം. വിജയൻ അൺപ്ലഗ്ഡ്’ എന്നാണ് പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ശ്യാം മുരളീധരൻ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. 100 മണിക്കൂറിൽ അധികം വരുന്ന വീഡിയോകളിൽ നിന്ന് എഡിറ്റ് ചെയ്ത് മൂന്ന് എപ്പിസോഡുകളായാണ് പുറത്തിറക്കുക.

മുൻപും ഐ എം വിജയൻറെ ജീവിതത്തെ ആസ്പദമാക്കി ഷോർട്ട് ഫിലിം ഒരുങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ. മാത്രമല്ല, ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സനീദ്ധ്യം അറിയിച്ചു.

കേരളത്തിൽ നിന്നുള്ള ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരംഐ എം വിജയനാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. മിഡ്‌ഫീൽഡറായും താരം തിളങ്ങിയിട്ടുണ്ട്.

പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായാണ് ശ്രദ്ധ നേടിയത്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 39 ഗോളുകളും നേടി. 2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് നൽകി രാജ്യമാണ് ഐ എം വിജയനെ ആദരിച്ചു.

Story highlights- documentary based on i m vijayan