രാജ്യാന്തര പുരസ്‌കാര നിറവിൽ അപർണ ഗോപിനാഥിന്റെ ‘ഒരു നക്ഷത്രമുള്ള ആകാശം’

രാജ്യാന്തര പുരസ്‌കാര നിറവിൽ ഒരു നക്ഷത്രമുള്ള ആകാശം. അപർണ ഗോപിനാഥ്‌ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്ത ചിത്രം സാമൂഹ്യപ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഒരു നക്ഷത്രമുള്ള ആകാശം.

സൗത്ത് ഏഷ്യയിലെ തന്നെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നുമായി അറുപതോളം സിനിമകൾ പങ്കെടുത്ത മത്സരത്തിലാണ് മികച്ച ചിത്രമായി ഒരു നക്ഷത്രമുള്ള ആകാശം തിരഞ്ഞെടുക്കപ്പെട്ടത്. ഉമ എന്ന സ്കൂൾ അധ്യാപികയായി അപർണ ഗോപിനാഥ്‌ വേഷമിടുന്ന ചിത്രത്തിൽ കേരളത്തിലെ ഒരു സ്കൂൾ ടീച്ചറുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയത്. പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം ചിത്രത്തിൽ വിഷയമാക്കുന്നുണ്ട്.

Read also:‘മേരെ സായ’ പ്രിയതമയെ ചേർത്തുനിർത്തി പാട്ടുപാടി ഇർഫാൻ ഖാൻ; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മകൻ, വീഡിയോ

അപർണ ഗോപിനാഥിന് പുറമെ ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ്, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ്, മാസ്റ്റർ എറിക് സക്കറിയ എന്നിവരും അഭിനയിക്കുന്നുണ്ട്. മലബാർ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ എം വി കെ പ്രദീപാണ് ചിത്രം നിർമിച്ചത്.

Story Highlights:international award for oru nakshtramulla akasham movie