നടി കാജൽ അഗർവാൾ വിവാഹിതയായി- പരമ്പരാഗത വേഷത്തിൽ വധുവായി താരം

നടി കാജൽ അഗർവാൾ വിവാഹിതയായി. മുംബൈ സ്വദേശിയായ ഗൗതമാണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് കാജൽ അഗർവാൾ വിവാഹിതയായത്. പതിവിന് വിപരീതമായി രാത്രിയിലാണ് വിവാഹം നടന്നത്. ചുവപ്പ് ലഹങ്കയിലാണ് കാജൽ വധുവായി അണിഞ്ഞൊരുങ്ങിയത്.

ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു കാജലിന്റേത്. ഈ മാസം ആദ്യമായിരുന്നു വിവാഹനിശ്ചയം. അടുത്തിടെ നടന്ന ബാച്ചിലറേറ്റ് പാർട്ടി, മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കാജൽ പങ്കുവെച്ചിരുന്നു. മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പിങ്ക് നിറത്തിലുള്ള വേദിയിലാണ് കാജൽ അഗർവാളും ഗൗതം കിച്ച്‌ലുവും വിവാഹിതരായത്.

ഫർണിച്ചർ, പെയിന്റിംഗ്, അലങ്കാരവസ്തുക്കൾ വിൽക്കുന്ന ഡിസെർൺ ലിവിംഗ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഗൗതം. കഴിഞ്ഞ ദിവസം ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള ആചാരങ്ങളും ചടങ്ങുകളും രണ്ടുദിവസം മുൻപാണ് ആരംഭിച്ചത്.

കൊവിഡ് പ്രതിസന്ധി കാരണം, പൂർണമായും വീട്ടിൽ തന്നെയാണ് ആഘോഷങ്ങൾ നടക്കുന്നത്. വളരെ ലളിതമായ മെഹന്ദി ചടങ്ങായിരുന്നു നടന്നത്. അതേസമയം, വിവാഹത്തിന് തയ്യാറെടുക്കുന്ന ചിത്രവും നടി പങ്കുവെച്ചിരുന്നു. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന ക്യാപ്ഷനൊപ്പമാണ് വിവാഹത്തിന് തയ്യാറാകുന്ന ചിത്രം കാജൽ പങ്കുവെച്ചത്.

അതേസമയം, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’, ദുൽഖർ നായകനാകുന്ന ഹേ സിനാമിക എന്നീ ചിത്രങ്ങളിൽ കാജൽ അഗർവാൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷവും സിനിമയിൽ സജീവമായി തുടരുമെന്നും കാജൽ അറിയിച്ചു.

Story highlights- Kajal Aggarwal and Gautam Kitchlu tie the knot