അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം
മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ ഗ്രാമ പശ്ചാത്തലത്തിൽ കേട്ടുകേൾവിയുള്ള മറുതയുടെ കഥയാണ് ഏഴര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. വെറും മറുതയല്ല, നാടിനെ വിറപ്പിച്ച മോഷ്ടാവ് ‘കള്ളൻ മറുത’.
കാട്ടിൽ മറഞ്ഞിരുന്ന് ആളുകളെ ഭയപ്പെടുത്തുന്ന കള്ളൻ മറുതയുടെ കഥകളുമായി ദാസൻ പെരുമണ്ണാനും സഹായി മണിയനും നാട്ടിലേക്ക് നടക്കുകയാണ്. കാട്ടിലെ കാവിൽ നിന്നും തെയ്യക്കോലം കെട്ടിയാടി മടങ്ങുന്ന പെരുമണ്ണാനോട് ഭയത്തോടെയാണ് മണിയൻ മറുതയെക്കുറിച്ച് സംസാരിക്കുന്നത്. പിന്നീട് പെരുമണ്ണാനും മണിയനും വഴിപിരിയുമ്പോൾ അവരുടെ സംസാരങ്ങളിൽ നിറഞ്ഞ സാക്ഷാൽ കളളൻ മറുത പെരുമണ്ണാന് മുന്നിൽ ചാടിവീഴുന്നു. പിന്നീട് നാടകീയമായ സംഭവങ്ങളിലൂടെ കള്ളൻ മറുത എന്ന ഹ്രസ്വചിത്രം വിസ്മയിപ്പിക്കുന്നു. സിനിമാമേഖലയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ഹ്രസ്വ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തി.
സാരംഗി ക്രിയേഷൻസിന്റെ ബാനറിൽ രജിൽ കേസിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണത്തിലും ശബ്ദവിന്യാസത്തിലും ഉള്പ്പെടെ അത്രയേറെ സിനിമാറ്റിക് ആണ് കള്ളൻ മറുത. തെയ്യത്തെ ആസ്പദമാക്കിയുള്ള ആശയത്തിൽനിന്നാണ് കള്ളൻ മറുതയിലേക്കെത്തുന്നത്. ഇരുളിന്റെ പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ട് കള്ളൻ മറുതയ്ക്ക് രാവിന്റെ ദൃശ്യഭംഗി പകർന്നത് കളറിസ്റ്റായ പ്രഹ്ളാദ് പുത്തഞ്ചേരിയാണ്. ചിത്രത്തിൽ ദാസൻ പെരുവണ്ണാൻ എന്ന പ്രധാന കഥാപാത്രമായെത്തിയ അർജുൻ അജുവിന്റേത് തന്നെയാണ് കഥയും. വൈശാഖ്, ഷൈജു പേരാമ്പ്ര, ലക്ഷ്മി കൂടേരി, തേജ ലക്ഷ്മി എന്നിവരാണ് അഭിനേതാക്കൾ. ശരൺ ശശിധരന്റേതാണ് ഛായാഗ്രഹണം, കട്ട്/ഗ്രാഫിക്സ്;വിപിൻ പിബിഎ, സൗണ്ട് എൻജിനീയർ; അരുൺ, സാൻഡിയാണ് സൗണ്ട് ഡിസൈൻ. പ്രൊഡക്ഷൻ കൺട്രോളർ ശ്രീരാജ്, ചന്തു മേപ്പയൂരാണ് ക്രിയേറ്റിവ് ഹെഡ്.
Story highlights- kallan marutha short film