കരുത്തുകാട്ടി കൊൽക്കത്ത; ഡൽഹിക്ക് മുന്നിൽ മികച്ച വിജയം
ഡൽഹിക്ക് എതിരെ മികച്ച വിജയം നേടി കൊൽക്കത്ത. ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. ഡൽഹിക്ക് മുന്നിൽ 195 റൺസാണ് കൊൽക്കത്ത ഉയർത്തിയത്. 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുക്കാനെ ഡൽഹിക്ക് സാധിച്ചുള്ളു.
ഡൽഹിക്ക് വേണ്ടി ശ്രേയസ് അയ്യരും റിഷഭ് പന്തുമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ശ്രേയസ് അയ്യർ 38 പന്തിൽ 47 റൺസും റിഷഭ് പന്ത് 27 റൺസുമാണ് നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി വരുൺ ചക്രവർത്തി 5 വിക്കറ്റും പാറ്റ് കമ്മിൻസ് 3 വിക്കറ്റും വീഴ്ത്തി.
3 വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ തകർച്ചയോടെ തുടങ്ങിയ കൊൽക്കത്തയെ നിതീഷ് റാണ – നരൈൻ കൂട്ടുകെട്ട് തുണയ്ക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൊൽക്കത്തക്ക് വേണ്ടി 115 റൺസാണ് ചേർത്തത്.
സുനിൽ നരൈൻ 32 പന്തിൽ 64 റൺസ് എടുത്തപ്പോൾ നിതീഷ് റാണ 53 പന്തിൽ 81 റൺസ് എടുത്തു പുറത്തായി. ശുഭ്മൻ ഗിൽ(9), രാഹുൽ തൃപതി (13), ദിനേശ് കാർത്തിക്(3) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തക്ക് നഷ്ടമായത്. ഡൽഹിയ്ക്ക് വേണ്ടി എൻറിച്ച് നോർജെയും കാഗിസോ റബാഡയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരിക്കുകയാണ്.
Story highlights- KKR won by 194 runs