നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘കനകം കാമിനി കലഹം’

October 12, 2020

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമെത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ വിശേഷമാണ് പിറന്നാൾ ദിനത്തിൽ ആരാധകർക്കായി താരം പങ്കുവെച്ചത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പങ്കുവയ്ക്കും. ‘കനകം കാമിനി കലഹം’ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള പദ്ധതിയിലാണ് നിവിൻ പോളി. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്നിവയാണ് നിവിൻ പോളിയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. പിറന്നാൾ ദിനത്തിൽ തുറമുഖത്തിലെ ലുക്കും പടവെട്ടിന്റെ മേക്കിംഗ് വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു.

1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തെക്കുറിച്ചാണ് തുറമുഖം പറയുന്നത്. പടവെട്ടിന്റെ പ്രമേയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് നിവിൻ അഭിനയ ലോകത്തേക്ക് എത്തിയത്. 

Read More: ‘പിറന്നാൾ ആശംസകൾ പ്രകാശാ, ദിനേശാ, ഉമേഷേ..’- നിവിൻ പോളിക്ക് ജന്മദിനമാശംസിച്ച് സുഹൃത്തുക്കൾ

എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11നാണ് നിവിൻ പോളി ജനിച്ചത്. എഞ്ചിനിയറിംഗ് പഠനത്തിന് ശേഷം ഇൻഫോസിസിൽ ജോലിയിൽ പ്രവേശിച്ച നിവിൻ പിതാവിന്റെ മരണത്തോടെ നാട്ടിലേക്ക് എത്തുകയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയുമായിരുന്നു. ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് കഥാപാത്രത്തിലൂടെയാണ് നിവിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഹിറ്റായതോടെ നിവിൻ പോളിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രേമം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളും നിവിന്റെ കരിയറിലെ നാഴികക്കല്ലുകളാണ്.

Story highlights- nivin pauly’s new movie