ഒമർ ലുലുവിന് സർപ്രൈസ് ഗിഫ്റ്റ് നൽകി നിർമാതാവ്

October 3, 2020

സംവിധായകൻ ഒമർ ലുലുവിന് നിർമാതാവ് രതീഷ് ആനേടത്ത് നൽകിയ സർപ്രൈസ് സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മഹീന്ദ്ര പുതിയതായി ഇറക്കിയ ഥാറിന്റെ ഏറ്റവും പുതിയ മോഡലാണ് രതീഷ് ആനേടത്ത് ഒമർ ലുലുവിന് സമ്മാനിച്ചത്. ഫേസ്ബുക്കിലൂടെ ഒമർ ലുലു തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. മഹീന്ദ്ര ഥാറിന്റെ കേരളത്തിലെ ആദ്യ ഉപഭോക്താക്കളിൽ ഒരാളാണ് ഒമർ ലുലു.

അതേസമയം ഒമർ ലുലുവും രതീഷ് ആനേടത്തും ഒന്നിക്കുന്ന ചിത്രമാണ് പവർ സ്റ്റാർ. ‘ഒരു അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവർ സ്റ്റാർ’. ബാബു ആന്റണിയാണ് ചിത്രത്തിൽ  നായകനായെത്തുന്നത്. 1980 കളിൽ മലയാള സിനിമയിൽ വില്ലനായെത്തിയ താരമാണ് ബാബു ആന്റണി. താരം പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും വേഷമണിഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ ബാബു ആൻറണി യുടെ ആക്ഷൻ സിനിമകളുടെ ആരാധകനാണ് താനെന്നും, അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യുകയെന്നത് ഏറെ നാളത്തെ ആഗ്രഹമാണെന്നും ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. ബാബു ആന്റണിയെ കൂടാതെ അബു സലിം, റിയാസ് ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻഡിലോറും ചിത്രത്തിലെത്തുന്നുണ്ട്.

ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ  ചിത്രങ്ങൾക്ക് ശേഷം ഒമർ സംവിധാനം ചെയ്ത സിനിമയാണ് ‘ഒരു അഡാർ ലവ്’. റിലീസ് ചെയ്യുന്നതിന് മുൻപുതന്നെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണിത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ  ‘അഡാർ ലവിനു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

https://www.facebook.com/364920493904714/videos/3428739057175404

Story Highlights: omar lulu got surprise gift from producer ratheesh anedath