ഒറ്റക്കൊമ്പനെന്ന പേരിൽ രണ്ടു ചിത്രങ്ങൾ; പേരുമാറ്റാൻ തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ

ഒട്ടേറെ ചർച്ചകൾക്കൊടുവിലാണ് സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചത്. സുരേഷ് ഗോപിയുടെ 250മത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ 100 പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തത്. എന്നാൽ ഇതേപേരിൽ മറ്റൊരു ചിത്രം രണ്ടു മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.

നവാഗതനായ മഹേഷ് പാറയിൽ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിലായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, ഒരേ പേരിൽ രണ്ടു ചിത്രങ്ങൾ വരുന്നുവെന്ന സാഹചര്യത്തിൽ പെരുമാറ്റമാണ് തയ്യാറായിരിക്കുകയാണ് മഹേഷ് പാറയിൽ. ‘ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും, മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ ന്യൂ ടൈറ്റിൽ വിത്ത് ലീഡ് കാരക്റ്റർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകചത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല’ എന്ന കുറിപ്പാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചത്.

മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നത് സെപ്റ്റംബർ 13 നാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ചതോടെ ഈ ചിത്രവും ചർച്ചകളിൽ നിറയുകയായിരുന്നു. അതേസമയം, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് പ്ലമ്മൂട്ടിൽ ആണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം.

Read more: ‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിയുടെ 250- ആം ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് താരങ്ങൾ

നേരത്തെ സുരേഷ് ഗോപിയുടെ 250-മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ കോടതി വിലക്കിയിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് 25-0ാം ചിത്രമെന്ന നിലയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. 

Story highlights- ottakomban same title for two films