മധുരപതിനാറിന്റെ തിളക്കത്തിൽ പാത്തു- മകൾക്ക് പിറന്നാൾ ആശംസിച്ച് പൂർണിമയും ഇന്ദ്രജിത്തും

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന പതിനാറാം പിറന്നാളിന്റെ തിളക്കത്തിലാണ്. മകൾക്ക് മനോഹരമായ പിറന്നാൾ ആശംസകളാണ് പൂർണിമയും ഇന്ദ്രജിത്തും പങ്കുവയ്ക്കുന്നത്. ‘നമ്മുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ.. സുന്ദരിയായ മകളെ, നിനക്ക് ജന്മദിനാശംസകൾ..’- പൂർണിമ കുറിക്കുന്നു. പിറന്നാൾ ആശംസകൾ പാത്തുക്കുട്ടാ എന്നാണ് ഇന്ദ്രജിത്ത് പങ്കുവയ്ക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും താരം പങ്കുവയ്ക്കുന്നു.
‘ഹാപ്പി സ്വീറ്റ് സിക്സ്റ്റീൻ ഡോൾ’ എന്നാണ് പൂർണിമയുടെ അടുത്ത സുഹൃത്തായ ഗീതു മോഹൻദാസ്, പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. കുടുംബത്തിലെ എല്ലാവരും അഭിനയത്തിന്റെ വഴിയേ സഞ്ചരിക്കുമ്പോൾ പ്രാർത്ഥനയെന്ന പതിനാറുകാരി പാട്ടിന്റെ പാതയിലാണ്.
ചെറുപ്പത്തിൽതന്നെ പിന്നണി ഗായികയായി ശ്രദ്ധ നേടിയ പ്രാർത്ഥന ഇപ്പോൾ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. ‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് പ്രാർത്ഥന ശ്രദ്ധ നേടിയത്. ബോളിവുഡിൽ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ന് വേണ്ടിയാണ് ‘രേ ബാവ്രെ’ എന്ന പാട്ട് പ്രാർത്ഥന പാടിയിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനം പ്രാർത്ഥന ഇന്ദ്രജിത്തും ഗോവിന്ദ് വസന്തയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് അഭിനന്ദനവുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.
Read More: വെള്ളത്തിന് മുകളിലൂടെ ദീർഘദൂരം അനായാസം ഓടിനീങ്ങുന്ന മ്ലാവ്; കൗതുക വീഡിയോ
പ്രാർത്ഥനയ്ക്കുമുണ്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകർ. ഇടയ്ക്കിടെ പ്രാര്‍ത്ഥനയുടെ പാട്ട് വീഡിയോകളും നൃത്തവുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. സഹോദരി നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
Story highlights- prarthana indrajith’s birthday