പൃഥ്വിരാജ് കൊവിഡ് മുക്തനായി- റിസൾട്ട് പങ്കുവെച്ച് താരം

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പൃഥ്വിരാജ് രോഗമുക്തനായി. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് രോഗമുക്തനായതായി പങ്കുവെച്ചത്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന് വ്യക്തമാക്കി റിസൾട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഇന്ന് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി. പക്ഷേ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഒരാഴ്ച കൂടി ഐസൊലേഷൻ തുടരും. ശ്രദ്ധയും കരുതലും പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി’- പൃഥ്വിരാജ് കുറിക്കുന്നു.

താരം കേന്ദ്ര കഥാപാത്രമാകുന്ന ‘ജന ഗണ മന’യുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പോസിറ്റീവാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. സംവിധായകനും നടനും കൊവിഡ് പോസറ്റീവായതിനാൽ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. ഈ സാഹചര്യത്തിൽ ഷൂട്ടിംഗിൽ പങ്കെടുത്ത സുരാജ് വെഞ്ഞാറമൂട് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജന ഗണ മന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജന ഗണ മന’.

Story highlights- prithviraj tested negative for covid