സീസണിൽ അഞ്ചാം തവണയും അടിപതറി ചെന്നൈ; 37 റണ്‍സിന്റെ തകർപ്പൻ വിജയവുമായി ബാംഗ്ലൂര്‍
റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനോട് 37 റണ്‍സിന് പരാജയമേറ്റുവാങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. ബാംഗ്ലൂര്‍ ഉയർത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് എത്താനാകാതെ ചെന്നൈ, നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് നേടിയത്. മത്സരത്തില്‍ ഒരു സിക്സ് അടിച്ച ധോണി ടി20യില്‍ 300 സിക്സ് തികച്ചു.
ഈ സീസണിലെ ചെന്നൈയുടെ അഞ്ചാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും തോല്‍വിയാണിത്. 42 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ചെന്നൈയ്ക്കായി നാരായണ്‍ ജഗദീശന് 28 ബോളില്‍ 33 റണ്‍സ് നേടി. വാട്സണ് 14, ഡുപ്ലെസി 8, ധോണി 10, സാം കറന് 0, ജഡേജ 7, ബ്രാവോ 7 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാംഗ്ലൂരിനായി ക്രിസ് മോറിസ് മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും ഉഡാന, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
52 ബോളിൽ 90 റണ്‍സ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കല്‍ 33 റണ്‍സാണ് നേടിയത്. അരോണ്‍ ഫിഞ്ച് 2, ഡിവില്ലിയേഴ്സ് 0, വാഷിംഗ്ടണ്‍ സുന്ദര്‍ 10 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ശിവം ദുബെ 14 ബോളില്‍ 22 റൺസാണ് സ്വന്തമാക്കിയത്. ചെന്നൈയ്ക്കായി താക്കൂര്‍ രണ്ടും ദീപക് ചഹാര്‍, സാം കറന് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായിലാണ് മത്സരം നടന്നത്.
Story highlights- RCB won the match by 37 runs