‘രാക്ഷസൻ 2’നെക്കുറിച്ച് സൂചന നൽകി വിഷ്ണു വിശാൽ

തമിഴ് സിനിമാലോകത്തെ ഹിറ്റ് ത്രില്ലർ ചിത്രമായിരുന്നു രാക്ഷസൻ. വിഷ്ണു വിശാൽ എന്ന നടൻ ശ്രദ്ധേയനായത് രാക്ഷസനിലൂടെ ആയിരുന്നു. ഇപ്പോഴിതാ, രാക്ഷസന് രണ്ടാം ഭാഗം വരുന്നതായി സൂചന നൽകിയിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. ചിത്രത്തിന്റെ സംവിധായകൻ രാംകുമാറിന്റെ ജന്മദിനത്തിൽ വിഷ്ണു വിശാൽ പങ്കുവെച്ച ആശംസയിലൂടെയാണ് രാക്ഷസൻ 2 ന്റെ സൂചന നൽകുന്നത്.

പിറന്നാൾ പ്രോജക്ട് ഏതാണെന്ന് ചോദിക്കുകയാണ് വിഷ്ണു വിശാൽ. ‘മുണ്ടസുപട്ടി 2 അതോ രാക്ഷസൻ 2 ?’ എന്ന ചോദ്യമാണ് ആശംസയ്‌ക്കൊപ്പം താരം ചേർത്തിരിക്കുന്നത്. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മുണ്ടസുപട്ടിയും രാക്ഷസനും.

രാക്ഷസന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു. തമിഴ് സിനിമാലോകം കണ്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലറായിരുന്നു രാക്ഷസൻ. ആദ്യം വിക്രമിനെ നായകനാക്കി തീരുമാനിച്ച ചിത്രം പിന്നീട് വിഷ്ണു വിശാലിലേക്ക് എത്തുകയായിരുന്നു. അമല പോൾ ആയിരുന്നു നായിക.

Read More: ‘പരിഷ്ക്കാരങ്ങളുടെ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല; പക്ഷെ, ഒന്നറിയാം’- പാത്തുവിന് ആശംസയറിയിച്ച് മല്ലിക സുകുമാരൻ

ചിത്രം റിലീസ് ചെയ്തപ്പോൾ നിരൂപകരിൽ നിന്ന് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ ഐ‌എം‌ഡി‌ബി പട്ടികയിൽ ഒന്നാമതാണ് രാക്ഷസൻ. അമല പോൾ, മുനിഷ്കാന്ത്, കാളി വെങ്കട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. താൻ അഭിനയിച്ച തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് രാക്ഷസൻ എന്ന് എന്ന് പലതവണ വിഷ്ണു വിശാൽ വെളിപ്പെടുത്തിയിരുന്നു.

Story highlights- vishnu vishal about ratsasan 2