വായനയും മലയാളവും ഹൃദയത്തോട് ചേർത്ത കുട്ടികളുടെ പ്രധാനമന്ത്രി- ശിശുദിനത്തിൽ താരമായി നന്മ എന്ന മിടുക്കി
ആഘോഷങ്ങളുടെ പകിട്ടുണ്ടായിരുന്നില്ലെങ്കിലും ആ കുറവ് മനോഹരമായ അവതരണത്തിലൂടെയും പ്രസംഗങ്ങളിലൂടെയും കുട്ടികൾ മറികടന്ന കാഴ്ചയാണ് സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ ശിശുദിന പ്രത്യേക പരിപാടിയിൽ കാണാൻ സാധിച്ചത്. സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലേക്ക് കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സ്പീക്കറെയും തിരഞ്ഞെടുത്തത് എൽ പി, യു പി വിഭാഗം മലയാള പ്രസംഗ മത്സരത്തിലൂടെയാണ്. നന്മ എസ്, ആദർശ് സി എം, ഉമ എസ് എന്നിവരാണ് യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടത്.
കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നന്മ എസ്, വളരെയധികം സന്തോഷത്തിലാണ്. കാരണം, ഒട്ടേറെ കുട്ടികളിൽ നിന്നും അവസാന അഞ്ചു പേരിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നല്ലൊരു വേദിയിൽ സംസാരിക്കാൻ പറ്റിയതുമൊക്കെ നന്മയ്ക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും സന്ദേശങ്ങൾ അറിയിക്കുകയും, കുട്ടികളുടെ പ്രതിനിധിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചതുമൊക്കെ നന്മ എന്ന നാലാം ക്ലാസ്സുകാരിക്ക് നൽകിയ സന്തോഷം ചെറുതല്ല.
തിരുവനന്തപുരം വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് നന്മ എസ്. കഴിഞ്ഞ വർഷത്തെ സംസ്ഥാന തല ശിശുദിനാഘോഷ പരിപാടിയിൽ സ്വാഗത പ്രാസംഗിക ആയിരുന്ന നന്മ ഇത്തവണ പ്രധാനമന്ത്രിയായാണ് അഭിസംബോധന ചെയ്തത്.
സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല മലയാള പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നന്മ തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിലൊരാളായിരുന്നു. പിന്നീട് നടന്ന സ്ക്രീനിങ്ങിൽ വാർത്ത വായന, ചോദ്യോത്തരവേള എന്നിവയൊക്കെയാണുണ്ടായിരുന്നത്. ജി എസ് പ്രദീപ് നയിച്ച ചോദ്യോത്തര വേളയിലും മികച്ചുനിന്നതോടെ നന്മ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നന്മ വ്യത്യസ്ത അഭിരുചികളുള്ള മിടുക്കിയാണ്. ഏറ്റവും ശ്രദ്ധേയം, ലോക്ക് ഡൗൺ സമയത്ത് സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലാണ്. മലയാളത്തെയും വായനയേയും വളരെയധികം സ്നേഹിക്കുന്ന നന്മ, വായിച്ച പുസ്തങ്ങളുടെ റിവ്യൂ ആണ് ‘nanmas world of books’ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. അൻപതിലധികം വീഡിയോകൾ നന്മ ഇതിനോടകം ചെയ്തുകഴിഞ്ഞു.
തിരുവനന്തപുരത്ത് ജഗതി ഈശ്വരവിലാസം റോഡ് ‘മാധവ’ത്തിൽ വിപ്രോയിലെ ഐടി പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റെയും ആയുർവേദ ഡോക്ടറായ ദിവ്യ ശ്രീകുമാറിന്റെയും മകളാണ് നന്മ എസ്. ഇരട്ടകളായ നന്ദിത്തും നമസിയും സഹോദരങ്ങളാണ്.
Story highlights- children’s prime minister nanma; childrens day special