ക്രിസ്റ്റഫർ നോളന്റെ ‘ടെനെറ്റ്’ ഡിസംബർ നാലിന് ഇന്ത്യയിൽ റിലീസിന് ഒരുങ്ങുന്നു

കൊവിഡ് പ്രതിസന്ധി കാരണം കാലതാമസം നേരിട്ട് ക്രിസ്റ്റഫർ നോളന്റെ ‘ടെനെറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡിസംബർ 4 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിൽ അഭിനയിക്കുന്ന ബോളിവുഡ് നടി ഡിംപിൾ കപാഡിയ മകൾ ട്വിങ്കിൾ ഖന്നയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ക്രിസ്റ്റഫർ നോളന്റെ ‘ടെനെറ്റി’ന്റെ റിലീസ് ഡിസംബർ 4 ന് ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും പ്രഖ്യാപിച്ചതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം . വലിയ സ്‌ക്രീനിൽ മാത്രം നിങ്ങൾക്ക് ആസ്വദിക്കാനാകുന്ന അതിമനോഹരമായ ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ഈ ചിത്രത്തിലുണ്ട്’. ഡിംപിൾ കപാഡിയ വീഡിയോയിൽ പറഞ്ഞു.

ജോൺ ഡേവിഡ് വാഷിംഗ്ടൺ നായകനായി അഭിനയിക്കുന്ന ചിത്രം നോളൻ എഴുതി സംവിധാനം ചെയ്തതാണ്. റോബർട്ട് പാറ്റിൻസൺ, എലിസബത്ത് ഡെബിക്കി, ഡിംപിൾ കപാഡിയ, മാർട്ടിൻ ഡൊനോവൻ, ഫിയോണ ഡോറിഫ്, യൂറി കൊളോകോൾനികോവ്, ഹിമേഷ് പട്ടേൽ, ക്ലമൻസ് പോസി, ആരോൺ ടെയ്‌ലർ-ജോൺസൺ, മൈക്കൽ കെയ്ൻ, കെന്നത്ത് ബ്രാനാഗ് എന്നിങ്ങനെ അന്താരാഷ്ട്ര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Read More: മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കൂടി സ്വന്തമാക്കി ‘മൂത്തോൻ’- സന്തോഷം പങ്കുവെച്ച് ഗീതു മോഹൻദാസ്

കഴിഞ്ഞ വർഷം മുംബൈയിൽ കുറച്ച് ദിവസത്തേക്ക് ടെനെറ്റിന്റെ ചിത്രീകരണം നടന്നിരിന്നു. ലോകമെമ്പാടുമുള്ള മനോഹരമായ ഒട്ടേറെ സ്ഥലങ്ങളിലും ഇത് ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സിനിമാസ്വാദകരെ ടെനെറ്റിലൂടെ തിയേറ്ററിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Story highlights- Christopher Nolan’s Tenet is finally arriving in India