കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് നടൻ ധ്രുവ സാർജ
കന്നഡ താരം ധ്രുവ സാർജ വർഷങ്ങളായി മുടി നീട്ടി വളർത്തിയ ലുക്കാണ് നിലനിർത്തുന്നത്. നന്ദകിഷോർ സംവിധാനം ചെയ്ത വരാനിരിക്കുന്ന പൊഗാരു എന്ന ചിത്രത്തിലും ധ്രുവ സാർജ ഈ ലുക്കിലാണ് എത്തുന്നത്. എന്നാൽ, ഇപ്പോഴിതാ തന്റെ നീളൻ മുടി ഒരു നല്ല കാര്യത്തിനായി മുറിച്ചിരിക്കുകയാണ്. കാൻസർ രോഗികളെ സഹായിക്കുന്നതിനായാണ് ധ്രുവ സർജ മുടി സംഭാവന നൽകിയിരിക്കുന്നത്.
10 ഇഞ്ചിൽ കൂടുതൽ നീളമുള്ള മുടിയുള്ള ആർക്കും മുടി ദാനം ചെയ്യാനും കാൻസർ രോഗികളെ സഹായിക്കാനും സാധിക്കുമെന്ന് ധ്രുവ സാർജ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു. കന്നഡ ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ധ്രുവ സർജയുടെ പൊഗാരു. വേനലവധിക്ക് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കൊവിഡ് തടസമായി. അൺലോക്ക് ഘട്ടങ്ങളിൽ ഷൂട്ടിംഗിന് അനുമതി നൽകിയതിനെത്തുടർന്നാണ് ടീം ചിത്രീകരണം പുനഃരാരംഭിച്ചത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
അതേസമയം, അന്തരിച്ച നടനും സഹോദരനുമായ ചിരഞ്ജീവി സാർജയ്ക്കായി ശബ്ദം നൽകാൻ തയ്യാറാണെന്ന് ധ്രുവ സാർജ അറിയിച്ചിരുന്നു. ‘രാജാ മാർത്താണ്ഡ’യ്ക്കായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്നാണ് ധ്രുവ് സാർജ നിർമാതാക്കളെ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Read More: ക്രിസ്റ്റഫർ നോളന്റെ ‘ടെനെറ്റ്’ ഡിസംബർ നാലിന് ഇന്ത്യയിൽ റിലീസിന് ഒരുങ്ങുന്നു
ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ് സാർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു. പഴയ കന്നഡ ശൈലിയിൽ ദൈർഘ്യമേറിയ ഒട്ടേറെ ഡയലോഗുകൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
Story highlights- Dhruva Sarja donates his hair to cancer patients