പ്രതീക്ഷിച്ചതിലും നേരത്തെ ‘ദൃശ്യം 2’ ചിത്രീകരണം പൂർത്തിയാക്കി- സന്തോഷം പങ്കുവെച്ച് സംവിധായകൻ ജീത്തു ജോസഫ്
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം 2’ ഷൂട്ടിംഗ് പൂർത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ ജീത്തു ജോസഫ് തന്നെയാണ് ചിത്രീകരണം അവസാനിച്ചതായി അറിയിച്ചത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് പൂർത്തിയാക്കാൻ സാധിച്ചതായി ജീത്തു ജോസഫ് പറയുന്നു.
ജീത്തു ജോസഫിന്റെ വാക്കുകൾ;
‘ദൃശ്യം 2’ന്റെ ചിത്രീകരണം ഇന്ന് ഔദ്യോഗികമായി പൂർത്തിയായി. 56 ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 46 ദിവസത്തിനുള്ളിൽ പൂർത്തിയായി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ദൃശ്യത്തിന്റെ മുഴുവൻ സംഘത്തിന്റെയും ആത്മാർത്ഥമായ സഹകരണത്തോടെ മാത്രമാണ് ഈ കൊവിഡ് പ്രതിസന്ധിയിൽ യാതൊരു പ്രശ്നവുമില്ലാതെ ഈ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഞങ്ങളുടെ ഈ എളിയ പരിശ്രമത്തിന്റെ വിജയത്തിനായി പ്രാർത്ഥിച്ച അവരോടും നിങ്ങൾ ഓരോരുത്തരോടും എന്റെ ആത്മാർത്ഥമായ നന്ദി’.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടക്കുന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
Read More: കൊവിഡ് കാലത്ത് പുറത്തുപോകുമ്പോൾ കയ്യിൽ കരുതേണ്ട വസ്തുക്കൾ
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം നടന്നത്.
Story highlights- drishyam 2 shooting completed