ആകാംഷയും ആവേശവും നിറച്ച് ‘ജല്ലിക്കെട്ട്’ ഡോക്യുമെന്ററി ഒരുങ്ങുന്നു
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ, നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ജല്ലിക്കെട്ട് സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സീരിസ് പുറത്തിറക്കുന്നു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സിനിമയുടെ പിന്നിലെ കഥ ഡോക്യുമെന്ററി ആയി പുറത്തിറക്കുന്നത്.
സംവിധായകൻ വിവയൻ രാധാകൃഷ്ണനാണ് ജല്ലിക്കെട്ട് ഡോക്യുമെന്ററി ഒരുക്കുന്നത്. സിനിമ ചിത്രീകരണത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. എട്ട് എപ്പിസോഡുകളിലായി ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് വിവയൻ ആണ്. എഡിറ്റിങ് കിരൺനാഥ് കൈലാസ് ആണ് നിർവഹിച്ചിരിക്കുന്നത്.
അതേസമയം ഓസ്കർ എൻട്രി വരെ ലഭിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന്. 2011ന് ശേഷം ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഓസ്കർ എൻട്രി ലഭിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് വാർത്ത പങ്കുവെച്ചത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്.
Read also:സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച് ആയപ്പോൾ; മാതൃകയാണ് കവിത
അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒട്ടേറെ വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
കഥാകൃത്ത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രാഫി.
Story Highlights: jallikattu making documentary coming soon