സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്‌ ആയപ്പോൾ; മാതൃകയാണ് കവിത

November 27, 2020

ശാരീരിക പരിമിതികളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട കവിതയുടെ ജീവിതകഥ ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്…ശാരീരികമായ പ്രത്യേകതകളുടെ പേരിൽ നിരവധി തവണ പരിഹാസങ്ങൾക്ക് ഇരയാക്കപ്പെട്ട കവിത ഇപ്പോൾ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച് ആയിരിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ കവിതാ ഭോണ്ഡ്വെ എന്ന മുപ്പത്തിനാലുകാരിയാണ് പരിമിതികളെ മറികടന്ന് രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച്‌ പദവി നേടിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ രണ്ട് ഗ്രമങ്ങളുടെ സർപഞ്ച്‌ ആണ് കവിത. ക്രച്ചസിൽ വരുന്ന കവിത നിരവധി തവണ പരിഹാസങ്ങൾക്കും തുറിച്ചുനോട്ടങ്ങൾക്കും വിധേയായിട്ടുണ്ടെങ്കിലും അതിനൊന്നും തന്നെ തളർത്താൻ കഴിയില്ലെന്ന് പറയുകയാണ് കവിത. സ്വന്തം കാലിൽ നില്ക്കാൻ കഴിയാത്തവൾ എങ്ങനെയാണ് ഗ്രാമത്തിന്റെ നേതൃസ്ഥാനം വഹിക്കുക എന്ന് പലരും പൽ തവണ ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിലൊന്നും തളരാൻ താനില്ലെന്ന് തെളിയിക്കുകയാണ് കവിത.

ഇരുപത്തിയഞ്ചാം വയസിലാണ് കവിത സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടത്. അച്ഛനിൽ നിന്നും ഗ്രാമത്തിലെ മുതിർന്നവരിൽ നിന്നുമാണ് കവിത കാര്യങ്ങൾ ഒക്കെ പഠിച്ചെടുത്തത്. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി ഗ്രാമത്തിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് കവിതയുടെ പോരാട്ടം. ഇക്കാലഘട്ടത്തിൽ ഒരിക്കൽ പോലും തനിക്ക് ശാരീരിക പരിമിതികൾ തടസമായിട്ടില്ലെന്നും കവിത ഓർമിപ്പിക്കുന്നു.

Read also:‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കവിതയുടെ ജീവിതം ഇപ്പോൾ നിരവധിപ്പേർക്കാണ് പ്രചോദനമാകുന്നത്. കവിതയെക്കുറിച്ച് അറിഞ്ഞതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേരാണ് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. പരിമിതികൾക്ക് ശരീരത്തെ മാത്രമേ തളർത്താൻ കഴിയുകയുള്ളൂവെന്നും മനസിനെ തളർത്താൻ കഴിയില്ലെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Story Highlights:34 year old differently abled woman becomes Sarpanch