ആക്ഷൻ ത്രില്ലറുമായി മോഹൻലാൽ- ചിത്രീകരണം നവംബർ പകുതിയോടെ ആരംഭിക്കും

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദൃശ്യത്തിന് ശേഷം മോഹൻലാൽ വേഷമിടുന്നത്. ലോക്ക് ഡൗണിന് ശേഷം വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പലരും അകലം പാലിക്കുന്നതിന്റെ ഭാഗമായി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ, കൂടുതൽ കരുതലോടെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്.
നവംബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ സ്റ്റണ്ട് മാസ്റ്ററും ഏഴോളം സഹായികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർ ഏഴുദിവസം ക്വാറന്റീനിൽ തുടർന്നതിന് ശേഷം ഷൂട്ടിങ്ങിൽ പങ്കെടുക്കും.
ചിത്രത്തിൽ ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഗ്രാമ പശ്ചാത്തലമാണ്. 2021 ഓണം റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിൽ സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ അഭിനയിക്കുന്നവരും അണിയറപ്രവർത്തകരും ഏഴുദിവസത്തെ ക്വാറന്റീന് ശേഷമാണ് സെറ്റിലേക്ക് എത്തുക.
അതേസമയം, മോഹൻലാൽ ഇപ്പോൾ ദൃശ്യം 2 ന്റെ ചിത്രീകരണ തിരക്കിലാണ്. തൊടുപുഴയിൽ അതിവേഗം ഷൂട്ടിംഗ് നടക്കുകയാണ്. 2013ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മീന, അൻസിബ, എസ്തർ, ആശ ശരത്ത്, മുരളി ഗോപി മൂത്തയാവാറാണ് ദൃശ്യം 2ലെ പ്രധാന കഥാപാത്രങ്ങൾ.
Story highlights- mohanlal’s next movie with b unnikrishnan